സൗരയൂഥ രഹസ്യങ്ങൾ തേടി എം.ബി.ആർ. എക്സ്‌പ്ലോറർ

ദുബായ് : സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനുള്ള യു.എ.ഇ. യുടെ ചരിത്രപരമായ ദൗത്യത്തിന്റെ ഭാഗമായ ‘എം.ബി.ആർ. എക്‌സ്‌പ്ലോറർ’ ബഹിരാകാശ പേടകം രണ്ടു വർഷത്തിനുള്ളിൽ വിക്ഷേപണ സജ്ജമാകുമെന്ന് ദുബായ് കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
പൂർണമായും യു.എ.ഇ.യിൽ വികസിപ്പിക്കുകയും കൂട്ടിച്ചേർക്കുകയും നിർണായക പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്ത പേടകം ഇമിറാത്തി ശാസ്ത്രജ്ഞരുടെയും എൻജിനിയർമാരുടെയും അസാധാരണ മിടുക്കിന്റെ തെളിവാണെന്ന് ശൈഖ് ഹംദാൻ എക്‌സിൽ കുറിച്ചു.
പ്രധാന ഛിന്നഗ്രഹ മേഖലയിലെ ഏഴ് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനായി 500 കോടി കിലോമീറ്റർ നീളുന്ന അത്യപൂർവ യാത്രയ്ക്കാണ് പേടകം ഒരുങ്ങുന്നത്. ദൗത്യത്തിനായി 150-ലധികം ഇമിറാത്തി ശാസ്ത്രജ്ഞരും എൻജിനിയർമാരും പ്രവർത്തിച്ചു വരുന്നു.
യു.എ.ഇ. യുടെ ബഹിരാകാശ മേഖലയുടെ വിപണി മൂല്യം നിലവിൽ 4,400 കോടി ദിർഹം കവിഞ്ഞതായി ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി. 2031-ഓടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ നിന്നുള്ള വരുമാനം ഇരട്ടിയാക്കാനും ലോകത്തിലെ ആദ്യ പത്ത് ബഹിരാകാശ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി യു.എ.ഇ. യെ മാറ്റാനുമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ ചെലവിന്റെ 50 ശതമാനവും രാജ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനികൾക്കാണ് അനുവദിച്ചിരിക്കുന്നത്.
ആകെ 13 വർഷം നീളുന്ന ദൗത്യത്തിൽ ആറു വർഷം പേടകത്തിന്റെ വികസനത്തിനും ഏഴു വർഷം ഛിന്നഗ്രഹങ്ങളിലേക്കുള്ള യാത്രയ്ക്കുമായി മാറ്റിവെച്ചിരിക്കുന്നു.
ആറു ഛിന്നഗ്രഹങ്ങളെ അടുത്തുനിന്ന് നിരീക്ഷിച്ച ശേഷം 'ജസ്റ്റിഷ്യ' എന്ന ഏഴാമത്തെ ഛിന്നഗ്രഹത്തിൽ പേടകം പ്രത്യേകം ലാൻഡർ ഇറക്കി ഉപരിതല പഠനം നടത്തും. സൗരയൂഥ രൂപവത്കരണത്തിന്റെ രഹസ്യങ്ങൾ തേടുന്നതോടൊപ്പം ഭാവികാല ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ ജലസമ്പത്തും മറ്റ് വിഭവങ്ങളും ഛിന്നഗ്രഹങ്ങളിൽ ഉണ്ടോ എന്നും ഈ ദൗത്യത്തിലൂടെ അന്വേഷിക്കും.