ഉത്സവമേളത്തിൽ അൽ വത്ബ; ശൈഖ് സായിദ് ഫെസ്റ്റിവലിൽ സന്ദർശകരുടെ തിരക്ക്

അബുദാബി : സമാനതകളില്ലാത്ത സാംസ്കാരിക, വിനോദ, കായിക, സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുന്ന ശൈഖ് സായിദ് ഉത്സവത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലും കഴിഞ്ഞമാസം 30-നാണ് ഉത്സവം ആരംഭിച്ചത്. അൽ വത്ബയിലെ ഉത്സവനഗരയിലേക്ക് സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ വിപുലമായ ഗതാഗതസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകസമിതി വ്യക്തമാക്കി. ശൈഖ് സായിദ് ഉത്സവത്തിലേക്ക് ആഴ്ചയിലുടനീളം പ്രത്യേക പൊതു ബസ് സേവനങ്ങളുണ്ടാകും. നഗരത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽനിന്നു 30 മിനിറ്റ് ഇടവേളകളിലാണ് സേവനങ്ങൾ ലഭ്യമാക്കുക. എന്നാൽ തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവേളകളിലും സേവനങ്ങൾ നൽകും. അബുദാബി മെയിൻ ബസ് സ്റ്റേഷനിൽനിന്ന്‌ ആരംഭിച്ച് അൽ ഇത്തിഹാദ് സ്ട്രീറ്റിലെ റബ്ദാൻ മാൾ, ബനിയാസ് കോർട്ടിന്റെ എതിർവശത്തുള്ള പ്രദേശം എന്നിവയിലൂടെ സഞ്ചരിച്ച് ബസുകൾ ഉത്സവവേദിയിലെത്തും. അബുദാബി നഗരത്തിൽനിന്നു ഉത്സവത്തിലേക്ക് ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് മൂന്ന് മണിമുതൽ രാത്രി 11 മണിവരെ സർവീസുകൾ നടത്തും. വൈകീട്ട് നാലര മുതൽ പുലർച്ചെ 12.30 വരെ മടക്കയാത്രാ സേവനങ്ങളുമുണ്ടാകും. സന്ദർശകരുടെ തിരക്കിന് അനുസരിച്ച് വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും സർവീസുകളുടെ പ്രവർത്തനസമയം നീട്ടും.

ടാക്സി സേവനങ്ങളും ലഭ്യമാണ്. വാഹന പാർക്കിങ്, വാലറ്റ് പാർക്കിങ് സൗകര്യങ്ങളുമുണ്ട്. ശൈഖ് സായിദ് ഉത്സവത്തിന്റെ ഉന്നത സംഘാടകസമിതി, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി) എന്നിവ സംയുക്തമായാണ് പുതിയ ഗതാഗതക്രമീകരണങ്ങൾ പ്രഖ്യാപിച്ചത്. ഉത്സവ നഗരിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ബസ് റൂട്ടുകൾ, സേവനങ്ങളുടെ സമയക്രമം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ശൈഖ് സായിദ് ഉത്സവം, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. ഈദ് അൽ ഇത്തിഹാദിനോട് അനുബന്ധിച്ചുള്ള അവധിദിനങ്ങളിൽ ഇമിറാത്തി പൈതൃകവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ, അന്താരാഷ്ട്ര പ്രദർശനങ്ങൾ, സമ്മാനങ്ങൾ, വിനോദ പരിപാടികൾ തുടങ്ങിയവയ്ക്കും ഉത്സവം വേദിയാകും. രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവ ആഴത്തിലറിയാനുള്ള വേദിയാണ് ഉത്സവമൊരുക്കുന്നത്. അന്താരാഷ്ട്ര പവിലിയനുകളിലൂടെ വിവിധരാജ്യങ്ങളുടെ സംസ്കാരവും കലകളും ഉത്പന്നങ്ങളും ഭക്ഷണവും പര്യവേക്ഷണവും ചെയ്യാം. കരകൗശലവസ്തുക്കളുടെ പ്രദർശനം, ഒട്ടകയോട്ടം, ഫാൽക്കണറി, സമുദ്ര പൈതൃകം എന്നിവയും ഉത്സവം ആഘോഷമാക്കുന്നുണ്ട്. അടുത്ത വർഷം മാർച്ച് 13 വരെ പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് നാലുമണിമുതൽ അർധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതു അവധിദിനങ്ങളിലും പുലർച്ചെ ഒരുമണിവരെയും സന്ദർശകർക്ക് ഉത്സവത്തിലെത്താം.