ലിറ്റിൽ പോലീസ് ഓഫീസർ സെന്റർ ഷാർജ കിരീടാവകാശി സന്ദർശിച്ചു

ഷാർജ : പോലീസ് ആസ്ഥാനത്തെ ലിറ്റിൽ പോലീസ് ഓഫീസർ ഏർലി ചൈൽഡ്ഹുഡ് സെന്റർ ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സന്ദർശിച്ചു. കുട്ടികളുമായി ഏറെ നേരം സംവദിച്ച അദ്ദേഹം കേന്ദ്രത്തിലെ സൗകര്യങ്ങളെക്കുറിച്ച് അധികൃതരിൽനിന്ന് നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. കുട്ടികളുടെ പരിചരണവും സമഗ്രമായ വളർച്ചയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് അധികൃതർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
ഒരേസമയം 20 കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുള്ള കിന്റർഗാർട്ടൻ ക്ലാസ് മുറികൾ, 80 കുട്ടികളെ വരെ ഉൾക്കൊള്ളാവുന്ന നഴ്സറി ക്ലാസ് മുറികൾ തുടങ്ങിയവ ഇവിടെയുണ്ട്. കുട്ടികളുടെ വളർച്ചയെ പിന്തുണയ്ക്കുന്ന വിദ്യാഭ്യാസ അന്തരീക്ഷമാണ് കേന്ദ്രത്തിലുള്ളത്.
തങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാനും മികച്ച ആദ്യകാല വിദ്യാഭ്യാസം നേടാനും സഹായിക്കുന്ന ഒട്ടേറെ വിനോദ പ്രവർത്തനങ്ങൾക്കും കേന്ദ്രം പ്രാധാന്യം നൽകുന്നുണ്ട്.
ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ശൈഖ് ഡോ. സലേം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി, ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള മുബാറക് ബിൻ അമീർ എന്നിവരുൾപ്പെടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും ശൈഖ് സുൽത്താൻ അൽ ഖാസിമിയുടെ ഒപ്പമുണ്ടായിരുന്നു.