ലോക കഥകളുടെ അപൂർവ സംഗമത്തിന് തുടക്കം

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു
ഷാർജ : നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ കൈയെഴുത്തുപ്രതികൾമുതൽ ആധുനിക നോവലുകളും കുട്ടികളുടെ സാഹിത്യവുംവരെ ഒരു കുടക്കീഴിൽ അണിനിരത്തി 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു വർണാഭമായ തുടക്കം. ബുധനാഴ്ച രാവിലെ ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന ആശയത്തിൽ ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ അക്ഷര മാമാങ്കം നവംബർ 15 വരെ നീണ്ടുനിൽക്കും. 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും എക്സിബിറ്ററുകളുമാണ് 17 ലക്ഷം പുസ്തകങ്ങളുമായി ഇത്തവണ എത്തിയത്. കേവലം പുസ്തകങ്ങൾ വാങ്ങുന്നതിനപ്പുറം വായനയെയും എഴുത്തിനെയും സ്നേഹിക്കുന്ന പ്രവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സമാനതകളില്ലാത്ത സാംസ്കാരിക അനുഭവമാണ് പുസ്തകോത്സവം സമ്മാനിക്കുന്നത്.
ഇത്തവണത്തെ അതിഥി രാജ്യമായ ഒമാൻ തങ്ങളുടെ സമ്പന്നമായ സാഹിത്യ പാരമ്പര്യവും സംസ്കാരവും വ്യക്തമാക്കുന്ന പ്രത്യേക പവിലിയനാണ് ഒരുക്കിയിരിക്കുന്നത്.
ഹിജ്റ 531-ൽ (ക്രിസ്തുവർഷം 1137) പകർത്തിയെഴുതിയ ഏറ്റവുംപുരാതന ഒമാനി കൈയെഴുത്തുപ്രതിയായ ‘മജ്മൂഅത്ത് അൽ സിയാർ വ അൽ ജവാബാത്’ സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 പ്രമുഖ ഒമാനി സാംസ്കാരിക വ്യക്തിത്വങ്ങളാണ് ഒമാനി പവിലിയന്റെ ഭാഗമായി ഷാർജയിലെത്തിയിട്ടുള്ളത്. യു.എ.ഇ.യിലെ യുവ പ്രതിഭകൾക്കും ആഗോള സാഹിത്യരംഗത്ത് തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കാനുള്ള മികച്ചവേദിയാണ് പുസ്തകോത്സവം നൽകുന്നത്.