തേനീച്ചകളുടെ വിസ്മയലോകമൊരുക്കി ഹത്ത ഹണി ബീ ഗാർഡൻ

: വിനോദസഞ്ചാരികളുടെ പറുദീസയായ ഹത്തയിലെ ഏറ്റവുംമികച്ച സാഹസിക വിനോദകേന്ദ്രങ്ങളിലൊന്നാണ് ഹത്ത ഹണി ബീ ഗാർഡൻ ആൻഡ് ഡിസ്‌കവറി സെന്റർ.

തേനീച്ചക്കൂട്ടത്തിനിടയിലേക്ക് കയറിച്ചെന്ന് തേനീച്ചസംരക്ഷണത്തിലെ മികച്ചപാഠങ്ങളും കാഴ്ചകളും നേരിൽക്കണ്ട് മനസ്സിലാക്കാം. തേനിന്റെ വൈവിധ്യങ്ങളെക്കുറിച്ചും തേനീച്ചക്കൃഷിയെക്കുറിച്ചും അറിയാൻ താത്പര്യമുള്ളവർക്ക് കേന്ദ്രം മികച്ച തിരഞ്ഞെടുപ്പായിരിക്കും.

ഭയത്തോടെ മാത്രം നോക്കിയിരുന്ന തേനീച്ചക്കൂട്ടങ്ങളുമായി അടുത്തിടപഴകാനുള്ള അപൂർവ അവസരമാണ് ഹണി ബീ ഗാർഡൻ സമ്മാനിക്കുന്നത്.

സന്ദർശകർക്ക് 100 ശതമാനം ശുദ്ധമായ തേനും തേൻ ഉത്പന്നങ്ങളും വാങ്ങുകയും ചെയ്യാം. തേനീച്ചകളുടെ ജീവിതശൈലി എത്രത്തോളം മനോഹരമാണെന്ന് നേരിട്ടറിയണമെങ്കിൽ ഒരിക്കലെങ്കിലും ഹത്ത ഹണി ബീ ഗാർഡൻ സന്ദർശിക്കണം.

കേന്ദ്രത്തെക്കുറിച്ചുള്ള വിനോദപരവും വിദ്യാഭ്യാസപരവുമായ സമഗ്രവിവരണങ്ങൾ നൽകാൻ പരിചയസമ്പന്നരായ ഗൈഡുമാരുമുണ്ട്. ഹജർ പർവതങ്ങളാൽ ചുറ്റപ്പെട്ടുനിൽക്കുന്ന ഹണി ബീ ഗാർഡൻ പശ്ചിമേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണ്. 16,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ സങ്കേതം തേനീച്ചകളുടെ അദ്ഭുതലോകംതന്നെയാണ്.

സമർ, ഗാഫ്, സിദ്ർ എന്നിങ്ങനെ ഒട്ടേറെ മരങ്ങളും പൂന്തോട്ടത്തിലുണ്ട്. ഹത്തയുടെ തേനീച്ചക്കൃഷിയുടെ ചരിത്രത്തെയും പ്രാധാന്യത്തെക്കുറിച്ചും സന്ദർശകരെ ബോധവത്കരിക്കുന്നതിലും കേന്ദ്രം പ്രാധാന്യം നൽകുന്നുണ്ട്.

ദിവസവും രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ സന്ദർശകർക്ക് പ്രവേശിക്കാം. മൂന്നുവയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. തേനീച്ചകളിൽനിന്ന് സുരക്ഷിതരാകാൻ ആവശ്യമായ വസ്ത്രവും തൊപ്പിയുമെല്ലാം സന്ദർശനവേളയിൽ ലഭിക്കും.