ടയറിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 16.2 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു

അബുദാബി : രാജ്യത്തെ കര അതിർത്തികളിലൊന്നിലൂടെ കടത്താൻ ശ്രമിച്ച 16.2 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമിൻ അധികൃതർ പിടിച്ചെടുത്തു.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിക്ക് (ഐ.സി.പി.) കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്‌സ് സെക്യൂരിറ്റി പ്രതിനിധാനംചെയ്യുന്ന കസ്റ്റംസാണ് മയക്കുമരുന്ന് പിടികൂടിയത്. നൂതന സ്‌കാനിങ് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്നാണ് കെ-9 വിഭാഗം വിശദമായ തിരച്ചിൽ നടത്തിയത്.

ടയറിനുള്ളിലായിരുന്നു മയക്കുമരുന്ന്‌ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും നിരോധിത വസ്തുക്കൾ കണ്ടെത്തുന്നതിലെ വൈദഗ്ധ്യവും കാരണമാണ് ഇത് പിടികൂടാനായത്. ഈ വർഷം ഇതുവരെ 390 കിലോഗ്രാം ലഹരി മരുന്നുകളും 50,000 നർക്കോട്ടിക് ഗുളികകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്‌സ് സെക്യൂരിറ്റി പിടിച്ചെടുത്തിട്ടുണ്ട്.

ലഹരിമരുന്നുകളുടെ പിടിയിൽനിന്ന് സമൂഹത്തെ സുരക്ഷിതമാക്കാനുള്ള കസ്റ്റംസിന്റെ കാര്യക്ഷമതയെ ഐ.സി.പി. അഭിനന്ദിച്ചു.

രാജ്യസുരക്ഷയ്ക്ക് പ്രതികൂലമാകുന്ന പ്രവർത്തനങ്ങൾ തടയാനും പരിശോധനാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.