ചൈനീസ് മണ്ണിൽ യു.എ.ഇ.യുടെ മധുരം

അബുദാബി : യു.എ.ഇ. സമ്മാനിച്ച ഈന്തപ്പനകൾ ചൈനയിലെ വിവിധ പ്രവിശ്യകളിൽ വൻതോതിൽ കായ്ച്ച് വിളവെടുപ്പ് പൂർത്തിയാക്കി. തെക്കൻ ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് നഗരം, യുന്നാൻ പ്രവിശ്യയിലെ യുവാൻജിയാങ് കൗണ്ടി, സിചുവാൻ പ്രവിശ്യയിലെ പാൻഷീഹുവ നഗരം എന്നിവിടങ്ങളിലാണ് ഈ സീസണിലെ വിളവെടുപ്പ് വിജയകരമായി പൂർത്തിയായത്.

2025-ൽ ഹൈനാനിൽ ആദ്യമായി കായ്ച്ചതിനുശേഷം ചൈനയുടെ ഉൾനാടൻ വരണ്ട താഴ്വരകളിൽ യു.എ.ഇ. ഈന്തപ്പനകൾ കായ്ക്കുന്നത് ഇതാദ്യമായാണെന്ന് ഷിൻഹുവാ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

യു.എ.ഇ.യിൽ നിന്നുള്ള എട്ടിനം ഈന്തപ്പനകളാണ് വെൻചാങ്ങിൽ വിളവ് നൽകിയത്. ഇതിനുപുറമെ യുവാൻജിയാങ് ബേസിലെ 52 പനകളും പാൻഷീഹുവ ബേസിലെ 125 പനകളും ഇത്തവണ ആദ്യമായി കായ്ച്ചു.

2019-ലാണ് ചൈനയിലെ ഈന്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലക്ഷം ഈന്തപ്പന തൈകൾ നൽകുമെന്ന് യു.എ.ഇ. പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യ ഘട്ടമായി 2021-ൽ നൽകിയ 1,500 തൈകളിൽ 93 ശതമാനവും വിജയകരമായി വളർന്നു. തുടർന്ന് കൈമാറിയ 23,500 തൈകളും ചൈനയിലെ അനുയോജ്യമായ കാലാവസ്ഥയുള്ള വിവിധ മേഖലകളിൽ നട്ടുപിടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശാസ്ത്ര-സാങ്കേതിക സഹകരണവും ഭക്ഷ്യസുരക്ഷയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. യുന്നാനിലെ യുവാൻജിയാങ്ങിൽ 2024 ഒക്ടോബറിൽ രണ്ട് ഹെക്ടറിൽ തുടങ്ങിയ പരീക്ഷണത്തോട്ടത്തിൽ ഒൻപതിനം ഈന്തപ്പനകളാണ് നട്ടത്.

ഇതിൽ എട്ടിനങ്ങളിലെ 52 പനകൾ ഇത്തവണ വിളവ് നൽകി. 2025 ജൂണിൽ സിചുവാനിലെ പാൻഷീഹുവയിൽ ആരംഭിച്ച നാല് ഹെക്ടറിലധികം വരുന്ന ഫാമിൽ നട്ട 942 പനകളിൽ 125 എണ്ണവും വെറും ഒരു വർഷത്തിനുള്ളിൽ കായ്ച്ച് അദ്ഭുതം സൃഷ്ടിച്ചു.

ചൈനയുടെ വരണ്ട താഴ്വര പ്രദേശങ്ങളിൽ ഈന്തപ്പനക്കൃഷി വിജയകരമായി വ്യാപിപ്പിക്കാൻ കഴിഞ്ഞത് ഇരുരാജ്യങ്ങളുടെയും കാർഷിക ബന്ധത്തിൽ വലിയ നാഴികക്കല്ലാണ്.