വീടുകളിൽനിന്നുള്ള മാലിന്യശേഖരണം ഇനി ബാർകോഡ് വഴി നിരീക്ഷിക്കും

മികച്ച രീതിയിൽ മാലിന്യം കുറയ്ക്കുന്ന കുടുംബങ്ങൾക്ക് പുരസ്കാരം നൽകാൻ ദുബായ് മുനിസിപ്പാലിറ്റി
ദുബായ് : താമസമേഖലകളിലെ വലിയ പൊതു മാലിന്യനിക്ഷേപ ഡബ്ബകൾ (കമ്യൂണൽ കണ്ടെയ്നറുകൾ) പൂർണമായി ഒഴിവാക്കി ഓരോ വീടിനും രണ്ട് വീതം പ്രത്യേക മാലിന്യബിന്നുകൾ നൽകുന്ന വിപുലമായ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. റീസൈക്ലിങ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതു ബിന്നുകൾ മൂലമുള്ള പരാതികൾ പരിഹരിക്കുന്നതിനുമായി മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന ‘മൈ സിറ്റി, മൈ എൻവയോൺമെന്റ്’ പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം.
സാധാരണ ജൈവ മാലിന്യം നിക്ഷേപിക്കാൻ ഒന്നും പുനരുപയോഗിക്കാവുന്ന (റീസൈക്ലിങ്) സാമഗ്രികൾക്കായി മറ്റൊന്നും എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബിന്നുകളാണ് ഇനി വീടുകളിൽ സ്ഥാപിക്കുക.
വീടുകളുടെ മുന്നിലുള്ള പൊതു കണ്ടെയ്നറുകൾ കാരണം ഉണ്ടാകുന്ന അസ്വസ്ഥതകൾ, മറ്റ് പ്രദേശങ്ങളിൽനിന്നുള്ളവർ വന്ന് വൻതോതിൽ മാലിന്യം തള്ളുന്നതുമൂലം ശുചിത്വം അവതാളത്തിലാകുന്നത് തുടങ്ങിയ ഒട്ടേറെ പരാതികൾക്കുള്ള അന്തിമ പരിഹാരമാണ് പുതിയ സംവിധാനമെന്ന് ദുബായ് മുനിസിപ്പാലിറ്റി വേസ്റ്റ് ആൻഡ് സീവറേജ് ഏജൻസി ചീഫ് എക്സിക്യുട്ടീവ് ആദിൽ അൽ മർസൂഖി വ്യക്തമാക്കി.
നൂർ ദുബായ് റേഡിയോയിലെ തത്സമയ പരിപാടിയിലാണ് അദ്ദേഹം പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. അൽ മിസ്ഹാർ നാലിൽ നിലവിൽ ബിന്നുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ജുമൈറ, അൽ ബർഷ നോർത്ത്, അൽ മിസ്ഹാർ ഒന്ന്, രണ്ട് എന്നീ മേഖലകളിൽ മുൻപ് വിജയകരമായി നടപ്പാക്കിയ മാതൃകയാണിത്.
ഓരോ വീടിന്റെയും ബിന്നുകളിൽ പ്രത്യേക ബാർകോഡുകൾ പതിപ്പിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷത. മാലിന്യ ശേഖരണത്തിന് എത്തുന്ന കരാറുകാർ ബിന്നുകളിലെ ബാർകോഡ് സ്കാൻ ചെയ്യുകയും ഫോട്ടോകൾ വഴി ശേഖരണ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ ഓരോ വീടും പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കാനും വിലയിരുത്താനും മുനിസിപ്പാലിറ്റിക്ക് സാധിക്കും. മാലിന്യത്തിന്റെ അളവിൽ ഗണ്യമായ കുറവുവരുത്തുന്ന മാതൃകാപരമായ വീടുകൾക്ക് പ്രത്യേക പുരസ്കാരങ്ങളും അംഗീകാരവും നൽകും. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.നിലവിലുള്ള ബിന്നിന്റെ സംഭരണ ശേഷി തികയാത്ത കുടുംബങ്ങൾക്ക് അധിക വലുപ്പമുള്ള ബിന്നുകൾക്കായി അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്.
വീടുകളിൽ മാലിന്യം കൃത്യമായി തരംതിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തദ്ബീർ കേന്ദ്രങ്ങളുമായും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവുമായും ചേർന്ന് ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കൂടാതെ ‘ഫുർജാൻ ദുബായ്’ കൂട്ടായ്മയുമായി സഹകരിച്ച് ബോധവത്കരണ പരിപാടികളും ഭവനസന്ദർശനങ്ങളും സംഘടിപ്പിച്ചു വരുന്നു.