ഉമ്മുൽഖുവൈനിലെ എക്സിറ്റ് 103-ൽ ട്രക്കുകൾക്ക് വിലക്ക്

ഉമ്മുഖുവൈൻ : എമിറേറ്റിലെ എക്സിറ്റ് 103-ൽ ട്രക്കുകൾക്ക് പ്രവേശനം നിരോധിച്ചതായി അധികൃതർ അറിയിച്ചു. പുതിയ തീരുമാനം അടുത്ത മാസം ഒന്നുമുതൽ പ്രാബാല്യത്തിൽ വരും. ഉമ്മുൽ തുബ് വ്യവസായ മേഖലയിലേക്ക് പോകുന്ന റോഡിലാണ് ട്രക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം ഡ്രൈവർമാരെ അറിയിക്കുന്നതിന് റോഡിന്റെ പ്രവേശന കവാടത്തിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ നടത്തുന്ന ട്രക്കുകൾ കണ്ടെത്താൻ നിരീക്ഷണക്യാമറയും സജ്ജമാക്കിയിട്ടുണ്ട്. ഡ്രൈവർമാർക്ക് ബദൽ മാർഗമായി എക്സിറ്റ് 110 വഴി ഫ്രീ സോൺ പ്രവേശന കവാടത്തിലൂടെ ഉമ്മുൽതുബ് വ്യവസായമേഖലയിലേക്ക് യാത്ര ചെയ്യാം.

റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്. ഭാരവാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡുകളിലും പ്രദേശങ്ങളിലും ട്രക്കുകൾ പ്രവേശിച്ചാൽ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കഴിഞ്ഞമാസം മുതൽ ദുബായിലെ അൽ ഖുദ്ര സ്ട്രീറ്റ്‌, അൽ മെയ്ദാൻ സ്ട്രീറ്റ്, എയർപോർട്ട് ടണൽ എന്നിവയുൾപ്പെടെ വിവിധ റോഡുകളിൽ ട്രക്കുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശൈഖ് സായിദ് റോഡ്, ബെയ്‌റൂട്ട് സ്ട്രീറ്റ് തുടങ്ങിയ റോഡുകളിലും അൽ മിസ്ർ, മുഹൈസിന. ഊദ് അൽ മുത്തീന ഉൾപ്പടെയുള്ള താമസ പ്രദേശങ്ങളിലും ദിവസവും രാവിലെ ആറ് മണിമുതൽ രാത്രി 10 മണിവരെ ട്രക്കുകൾ നിരോധിച്ചിട്ടുണ്ട്. എയർപോർട്ട് സ്ട്രീറ്റ്, ഒമാൻ സ്ട്രീറ്റ്, ദമാസ്കസ് സ്ട്രീറ്റ് തുടങ്ങിയ റോഡുകളിൽ തിരക്കേറിയ സമയങ്ങളിലും നിയന്ത്രണങ്ങൾ നിലവിലുണ്ട്.

രാവിലെ ആറര മുതൽ രാത്രി എട്ടരവരെയും ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയും വൈകീട്ട് അഞ്ചര മുതൽ രാത്രി എട്ടു മണി വരെയുമാണ് നിയന്ത്രിക്കുന്നതെന്നും ആർ.ടി.എ. അധികൃതർ വ്യക്തമാക്കി.