പുതിയ മുഖവുമായി അൽ താവൂൻ സ്ക്വയർ നവംബർ നാലിന് തുറക്കും

ഷാർജ - ദുബായ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാകും
ഷാർജ : എമിറേറ്റിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അൽ താവൂൻ സ്ക്വയർ നവംബർ നാലിന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ആദ്യദിനത്തിലാണ് ഗതാഗതത്തിനായി തുറന്നു നൽകുക. ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് പദ്ധതിയുടെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചത്. ചരിത്ര പ്രസിദ്ധമായ സ്ക്വയറിന്റെ പുതിയ രൂപകല്പന ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
സ്‌ക്വയറിനടിയിലായി 500 മീറ്റർ നീളമുള്ള ഷാർജ - ദുബായ് അൽ താവൂൻ തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നാണിത്.
സാധാരണയായി രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ സ്‌ക്വയറിന് സമീപം മിനിറ്റുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഷാർജ - ദുബായ് റോഡിലെ പ്രധാന ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനാണ് അൽ താവൂൻ സ്‌ക്വയറിൽ തുരങ്കം നിർമിക്കുന്നത്. തുരങ്കത്തിന്റെ ഓരോ ദിശയിലും മൂന്നു ലെയ്‌നുകളുണ്ടാകും. ഇത് അൽ താവൂൻ സ്ട്രീറ്റിനെ അൽ നഹ്ദ ബ്രിഡ്ജുമായും ദുബായുമായും ബന്ധിപ്പിക്കും.
തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ ഏകദേശം 4200 വാഹനങ്ങളെ വരെ ഉൾകൊള്ളാൻ ശേഷിയുള്ള പുതിയ സിഗ്‌നൽ ഇന്റർസെക്‌ഷനും പദ്ധതിയിൽ ഉൾപ്പെടുന്നു. ആദ്യഘട്ട നിർമാണം പൂർത്തിയാകുന്നതോടെ യാത്രാസമയം 85 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം ഫെബ്രുവരിയോടെ പദ്ധതി പൂർണമായും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റൗണ്ട് എബൗട്ടിന് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാനും എക്‌സ്‌പോ സെന്റർ ഷാർജയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കും. ഷാർജ - ദുബായ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡെന്ന നിലയിൽ അൽ താവൂൻ സ്ട്രീറ്റിന് വലിയ പ്രാധാന്യമുണ്ട്. ഷാർജയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് അൽ താവൂൻ. നഗര ഗതാഗതം മെച്ചപ്പെടുന്ന പദ്ധതിയിലൂടെ യാത്ര സമയം ലാഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താമസക്കാരും സന്ദർശകരും.