ശൈഖ് സൗദുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി

റാസൽഖൈമ : യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. സഖർ ബിൻ മുഹമ്മദ് സിറ്റിയിലെ ശൈഖ് സൗദിന്റെ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ദൃഢമാക്കുന്നതിനെക്കുറിച്ചും സാമ്പത്തിക - വ്യാപാര സഹകരണം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ചചെയ്തു.
റാസൽഖൈമയും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധത്തെ ശൈഖ് സൗദ് അഭിനന്ദിച്ചു. നിലവിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും വിവിധ മേഖലകളിലും പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബന്ധം കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തനിക്കു ലഭിച്ച ഊഷ്മളസ്വീകരണത്തിന് ഡോ. ജയ്ശങ്കർ ശൈഖ് സൗദിന് നന്ദിയറിയിച്ചു. ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി അബ്ദുല്ല സെയ്ഫ് അൽ നുഐമിയും യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.