സുസ്ഥിര ഗതാഗതം: ദുബായ് ആർ.ടി.എ.യും അബുദാബി മൊബിലിറ്റിയും കൈകോർക്കുന്നു

ദുബായ് : യു.എ.ഇ.യിൽ സുസ്ഥിര ഗതാഗതത്തിന്റെ ഭാവി മെച്ചപ്പെടുത്തുന്നതിനും ഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള സംയോജനം ശക്തമാക്കാനും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) അബുദാബി മൊബിലിറ്റിയും തമ്മിൽ കരാർ ഒപ്പിട്ടു.
ആർ.ടി.എ. ലൈസൻഡിങ് ഏജൻസി സി.ഇ.ഒ. അഹമ്മദ് മഹ്ബൂബ്, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിലെ ലൈസൻസിങ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗത്തിലെ ആക്ടിങ് എക്സിക്യുട്ടീവ് ഡയറക്ടർ ഖാലിദ് അൽ മഖീമി എന്നിവർ ചേർന്ന് ആർ.ടി.എ. ആസ്ഥാനത്ത് വെച്ചാണ് കരാർ ഒപ്പിട്ടത്.
ഗതാഗത മേഖലയിൽ മുന്നേറാൻ വൈദഗ്ധ്യമുണ്ടാക്കാനും വിവരങ്ങൾ കൈമാറാനും സംയുക്ത സംരംഭങ്ങൾ വികസിപ്പിക്കാനും കരാർ സഹായകരമാകും. രാജ്യത്തുടനീളം സ്മാർട്ട്, സുസ്ഥിര ഗതാഗത രംഗത്ത് സഹകരണം ശക്തമാക്കുകയും അറിവുകൾ കൈമാറുകയുമാണ് ലക്ഷ്യം.
വിവിധ ഗതാഗത സംവിധാനങ്ങളെ പരസ്പരം സംയോജിപ്പിക്കുന്നതിലൂടെ നവീകരണം, സുസ്ഥിരത, ജീവിതനിലവാരം എന്നിവയിൽ എമിറേറ്റിന്റെ ആഗോളപദവി ദൃഢമാക്കുകയും ചെയ്യും.
നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിന് അനുസൃതമായി സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ സർക്കാർ ശ്രമങ്ങൾ ഏകീകരിക്കുകയും അറിവ് കൈമാറുകയുമാണ് ലക്ഷ്യമെന്ന് മഹ്ബൂബ് പറഞ്ഞു. ആഗോള സ്മാർട്ട് മൊബിലിറ്റി സൂചികകളിൽ രാജ്യത്തെ മുൻനിരയിലെത്തിക്കുന്നതിന് സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്. പരസ്പരം അറിവുകൾ പ്രയോജനപ്പെടുത്തിയും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും സംയുക്ത സംരംഭങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബിയിലെയും ദുബായിലെയും ഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് അൽ മഖീമി അഭിപ്രായപ്പെട്ടു. ഇരു എമിറേറ്റുകൾക്കുമിടയിൽ ടാക്സി, ബസ്, ചരക്ക് വാഹനങ്ങൾ എന്നിവയുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനും പ്രവർത്തനകാര്യക്ഷമത വർധിപ്പിക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും പുതിയ സഹകരണം മികച്ച സംഭാവനകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.