‘ഗൾഫ് ഐക്യം ഏറ്റവും മനോഹരമായ സ്വപ്നം’

വിദ്വേഷപ്രചാരണങ്ങൾക്ക് മറുപടിയുമായി ശൈഖ് മുഹമ്മദ്
ദുബായ് : ഗൾഫ് ജനതയുടെ ചരിത്രപരമായ ഐക്യം ഉയർത്തിപ്പിടിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. താൻ രചിച്ച ഏറ്റവും പുതിയ ഗ്രന്ഥമായ ‘ലെറ്റേഴ്സ്’ എന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ പങ്കുവെച്ചാണ്, ഗൾഫ് സഹകരണവും ഐക്യവും ‘ഏറ്റവും മനോഹരമായ സ്വപ്നം’ ആണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മേഖലയിലെ രാജ്യങ്ങൾക്കിടയിൽ ഭിന്നതവിതയ്ക്കാനുള്ള ശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മരുഭൂമിയിലെ എളിയ നാളുകളിൽനിന്ന് ലോകത്തിലെ അത്യാധുനിക നഗരങ്ങളിലേക്കുള്ള ഗൾഫ് രാജ്യങ്ങളുടെ വളർച്ചയെ ശൈഖ് മുഹമ്മദ് സന്ദേശത്തിൽ അനുസ്മരിച്ചു. സാധാരണ മത്സ്യബന്ധന തുറമുഖങ്ങളിൽനിന്ന് അന്താരാഷ്ട്ര കപ്പൽച്ചാലുകളിലേക്കും മുത്തെടുക്കൽ ജീവനമാർഗമാക്കിയതിൽനിന്ന് ആഗോളതലത്തിലെ കൂറ്റൻ നിക്ഷേപങ്ങളിലേക്കും ഈ മേഖലയിലെ ജനങ്ങൾ വളർന്നത് ഏതാനും പതിറ്റാണ്ടുകൾകൊണ്ടാണ്. ചരിത്രവും ഭൂമിശാസ്ത്രവും രക്തബന്ധങ്ങളും നമ്മെ പരസ്പരം കോർത്തിണക്കുന്നു. സമുദ്രവും മരുഭൂമിയും നമ്മെ ഒന്നായി ചേർത്തുപിടിക്കുമ്പോൾ, ഒരേ ലക്ഷ്യങ്ങളും ഉയർന്ന പ്രതീക്ഷകളുമാണ് ഓരോ ഗൾഫ് പൗരനിലുമുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹികമാധ്യമത്തിലൂടെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന അക്കൗണ്ടുകൾക്കും വ്യാജപ്രചാരണങ്ങൾക്കും കൃത്യമായ മറുപടി വിദേശകാര്യ നയതന്ത്ര ഉദ്യോഗസ്ഥരും സാംസ്കാരിക നായകരും നൽകുന്നതിനിടെയാണ് ദുബായ് ഭരണാധികാരിയുടെ ഈ ഇടപെടൽ. ഡിജിറ്റൽ ലോകത്തെ കേവല തർക്കങ്ങൾക്കും അനാവശ്യ കണക്കുകൂട്ടലുകൾക്കും നൂറ്റാണ്ടുകളായുള്ള അയൽപക്ക ബന്ധങ്ങളെ മായ്ച്ചുകളയാനോ ഭൂമിശാസ്ത്രപരമായ യാഥാർഥ്യങ്ങളെ തിരുത്താനോ കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രീയക്കരാറുകളല്ല, മറിച്ച് തലമുറകളുടെ പ്രാർഥനകളും പരസ്പരവിശ്വാസവുമാണ് ഈ മണ്ണിലെ മനുഷ്യരെ ഒന്നിച്ചുനിർത്തിയത്.
ഐക്യം എന്നാൽ, ഓരോ രാജ്യത്തിന്റെയും സവിശേഷതകളെ ഇല്ലാതാക്കുന്ന രാഷ്ട്രീയ ലയനമല്ലെന്നും മറിച്ച് ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കലാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. വ്യത്യസ്ത നദികൾ ഒരേ സമുദ്രത്തിലേക്ക് ഒഴുകിയെത്തുമ്പോൾ അവയ്ക്ക് പേര് നഷ്ടപ്പെടുന്നില്ല, പകരം അത് അവസരങ്ങളുടെയും കരുത്തിന്റെയും വൻസമുദ്രമായി മാറുകയാണ് ചെയ്യുന്നത്. മരുഭൂമിയും കടലും തുറമുഖങ്ങളും പദ്ധതികളും വരുംതലമുറയുടെ ആത്മവിശ്വാസവുമായി ഗൾഫ് മേഖല എന്നും നിലനിൽക്കുമെന്നും ‘ഞാൻ ഒരു അറബിയാണ്, അതിൽ അഭിമാനിക്കുന്നു’ എന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രകാശപൂർണമായ ഭാവിയിലേക്ക് മേഖല മുന്നേറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.