ഗതാഗത നിയമങ്ങൾ ലംഘിച്ച 35,928 വാഹനങ്ങൾ ദുബായിൽ പിടിച്ചെടുത്തു

ദുബായ് : എമിറേറ്റിൽ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ 35,928 സ്കൂട്ടറുകളും സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) ദുബായ് പോലീസും സംയുക്തമായാണ് നടപടി സ്വീകരിച്ചത്.

ഗതാഗത സുരക്ഷാനിലവാരം മെച്ചപ്പെടുത്തുന്നതിന് സൈക്കിൾ ട്രാക്കുകൾ, പ്രധാന റോഡുകൾ, സോഫ്റ്റ് മൊബിലിറ്റി മേഖലകൾ എന്നിവിടങ്ങളിൽ പേഴ്സണൽ മൊബിലിറ്റി മോണിറ്ററിങ് യൂണിറ്റ് നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. റോഡുകൾ സുരക്ഷിതമാക്കുന്നതിനും വ്യക്തിഗത വാഹനങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ വർധിപ്പിക്കാനുള്ള സുപ്രധാന നീക്കമാണിത്. അനുവദനീയമല്ലാത്ത ട്രാക്കുകളിൽ വാഹനമോടിക്കുക, വേഗപരിധി പാലിക്കാതിരിക്കുക, വൈദ്യുത സ്കൂട്ടറിൽ ഒന്നിലേറെപ്പേർ സഞ്ചരിക്കുക, തെറ്റായ ദിശയിലൂടെ വാഹനമോടിക്കുക എന്നിങ്ങനെ ഒട്ടേറെ നിയമലംഘനങ്ങളും രേഖപ്പെടുത്തി.

നിയമലംഘകർക്കെതിേര പിഴ ഉൾപ്പടെയുള്ള നിയമനടപടികളും സ്വീകരിച്ചു. ഡ്രൈവർമാർ ഗതാഗതനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊതുസുരക്ഷ ശക്തമാക്കാനും പ്രതിജ്ഞാബദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ആർ.ടി.എ.യിലെ ട്രാഫിക് ആൻഡ് റോഡ് ഏജൻസിയിലെ ട്രാഫിക് വിഭാഗം മേധാവി അഹമ്മദ് അൽ ഖസൈമി പറഞ്ഞു.

സൈക്കിൾ ട്രാക്കുകളിൽ പാലിക്കേണ്ട നിയമങ്ങൾ ഓർമ്മിപ്പിക്കാൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റങ്ങൾ തുടർന്നും നിരീക്ഷിക്കുകയും തെറ്റുകൾ കണ്ടാൽ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും. പൊതു ഗതാഗത സംവിധാനത്തിലുടനീളം സുരക്ഷ വർധിപ്പിക്കാനാണ് നിരീക്ഷണ യൂണിറ്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടകരവും അശ്രദ്ധവുമായ ഡ്രൈവിങ് രീതികൾക്കെതിരേ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്നും ബോധവത്കരണ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും ട്രാഫിക് ജനറൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. പൊതു സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾ നിരീക്ഷിക്കുന്നത് തുടരും.

കാൽനട ക്രോസിങ്ങുകൾ അവഗണിക്കുകയോ സുരക്ഷിതമല്ലാത്ത രീതിയിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുയോ ചെയ്യരുത്. നിർദിഷ്ട ട്രാക്കുകൾ ഉപയോഗിക്കാനും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാനും ശ്രദ്ധിക്കണം. വ്യക്തിഗത സുരക്ഷ ഉറപ്പാക്കാൻ റൈഡർമാർ റിഫ്ലക്ടീവ് ജാക്കറ്റ്, ഹെൽമെറ്റ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ധരിക്കണം. അപകടങ്ങൾ ഒഴിവാക്കുന്നതിന് റോഡ് ഉപയോക്താക്കളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗതാഗത സേവനനിലവാരം വർധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളോട് ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനുമാണ് ട്രാഫിക് വകുപ്പ് പ്രവർത്തിക്കുന്നത്. ഏറ്റവുംപുതിയ ശാസ്ത്രീയവും സാങ്കേതികവുമായ രീതികൾ ഉപയോഗിച്ച് അപകടങ്ങൾ പരിശോധിക്കാനും അന്വേഷിക്കാനും അവ വിശകലനം ചെയ്യാനുമുള്ള ഉദ്യോഗസ്ഥരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.