ഷാർജ ഭരണാധികാരി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു

എല്ലാവരും പ്രാർഥിക്കണമെന്ന് മകൾ ശൈഖ ബുദൂർ അൽ ഖാസിമി
ഷാർജ : യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതായി മകളും ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സണുമായ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി അറിയിച്ചു.
സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാകുന്നതിനും പിതാവിന് എത്രയുംവേഗം പൂർണാരോഗ്യം വീണ്ടെടുക്കുന്നതിനും എല്ലാവരും തങ്ങളുടെ പ്രാർഥനകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്ന് ശൈഖ ബുദൂർ അഭ്യർഥിച്ചു.
87-കാരനായ ഭരണാധികാരിയുടെ അസുഖത്തിന്റെ വിശദാംശങ്ങളോ ശസ്ത്രക്രിയയുടെ ദൈർഘ്യമോ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടില്ല. 'ദയവായി എന്റെ പിതാവിനെ നിങ്ങളുടെ പ്രാർഥനകളിൽ മറക്കരുത്, അദ്ദേഹം ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണ്. ദൈവത്തിന്റെ കാരുണ്യത്തിൽ ഞങ്ങളുടെ ഹൃദയങ്ങൾ ഉറച്ചുനിൽക്കുന്നു, അല്ലാഹുവിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നു,' ശൈഖ ബുദൂർ കുറിച്ചു.
അസുഖത്തിന്റെ യാതൊരു അടയാളവും അവശേഷിപ്പിക്കാത്ത പൂർണമായ സൗഖ്യം നൽകണമേയെന്നും, പിതാവിനെ സുരക്ഷിതനായി തങ്ങളിലേക്ക് തിരിേക എത്തിക്കണമേയെന്നും അവർ പ്രാർഥിച്ചു.
പൊതുജനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പ്രാർഥനകൾ തങ്ങളുടെ കുടുംബത്തിന് വലിയ കരുത്താണെന്ന് ശൈഖ ബുദൂർ എടുത്തുപറഞ്ഞു.
'നിങ്ങളുടെ പ്രാർഥനകൾ ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. ഒരുപക്ഷേ നിങ്ങളിലൊരാളുടെ ആത്മാർഥമായ പ്രാർഥന അദ്ദേഹത്തിന്റെ രോഗശാന്തിക്ക് കാരണമായേക്കാം,' എന്നും അവർ വ്യക്തമാക്കി. വാർത്ത പുറത്തുവന്നതിനു പിന്നാലെ സ്വദേശികളും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹവും ഷാർജ ഭരണാധികാരിയുടെ ആയുരാരോഗ്യത്തിനായി പ്രാർഥനകൾ നേരുകയാണ്.
1939-ൽ ജനിച്ച ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 1972-ലാണ് ഷാർജയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. അധികാരമേൽക്കുന്നതിനു മുൻപ് 1965-ൽ മുനിസിപ്പാലിറ്റി ചെയർമാനായും 1971-ൽ ഷാർജ ഭരണാധികാരിയുടെ ഓഫീസ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1971-ൽ യു.എ.ഇ. രൂപീകൃതമായപ്പോൾ രാജ്യത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
ഷാർജയുടെ സമഗ്ര വികസനത്തിനായി ഒട്ടേറെ സർക്കാർ, സാംസ്കാരിക, കലാ, സാമൂഹിക സ്ഥാപനങ്ങൾ സ്ഥാപിച്ച അദ്ദേഹം സാഹിത്യത്തെയും അറിവിനെയും പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരിയെന്ന നിലയിൽ ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്.