ഗാസയിലെ ജലവിതരണ പദ്ധതികൾ വിപുലീകരിച്ച് യു.എ.ഇ.

അബുദാബി : ഗാസയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജലവിതരണ പദ്ധതികൾ വിപുലീകരിച്ച് യു.എ.ഇ. കൂടുതൽ ജലശുദ്ധീകരണ പദ്ധതികൾ നടപ്പാക്കിയും കിണറുകൾ നിർമിച്ചും വാട്ടർടാങ്കറുകൾ വിതരണംചെയ്തുമാണ് പലസ്തീൻജനതയ്ക്കുള്ള സഹായവിതരണം വർധിപ്പിക്കുന്നത്.

ദുരന്തബാധിതർക്ക് മാനുഷികപിന്തുണ നൽകാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ഷിവൽറസിന്റെ ഭാഗമാണിത്. 2023 ഡിസംബർ മുതൽ തെക്കൻ ഗാസയിലേക്ക് യു.എ.ഇ. ജലവിതരണം നടത്തുന്നുണ്ട്. ദൗത്യത്തിന്റെ ഭാഗമായി ആറ് ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലേക്ക് പൈപ്പ്‌ലൈൻ നീട്ടിയതിലൂടെ പ്രതിദിനം ഏഴുലക്ഷംപേർക്ക് ശുദ്ധജലമെത്തിച്ചു.

ഗാസയിലെ ജലക്ഷാമം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 37 വാട്ടർടാങ്കറുകൾ നൽകുകയും കഴിഞ്ഞമാസത്തോടെ വിവിധ ഇടങ്ങളിലായി 121 കിണറുകൾ കുഴിക്കുകയും ചെയ്തു.

ഇതിലൂടെ ഏകദേശം ആറുലക്ഷം ആളുകൾക്ക് പ്രയോജനം ലഭിച്ചു. പലസ്തീനികളുടെ ദൈനംദിന ജീവിതം എളുപ്പമാക്കാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും ഗാസ മുനമ്പിൽ തടസ്സങ്ങളില്ലാത്ത സേവനങ്ങൾ നൽകാനുമാണ് യു.എ.ഇ. ശ്രമിക്കുന്നത്.