യു.എ.ഇ.യിൽ ശൈത്യകാലം കടുക്കുന്നു

ജബൽ ജെയ്സിൽ താപനില 10.3 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു
ദുബായ് : യു.എ.ഇ. യിൽ ശൈത്യകാലം ശക്തമായതോടെ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ റാസൽഖൈമയിലെ ജബൽ ജെയ്സിൽ താപനില 10.3 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ശനിയാഴ്ച പുലർച്ചെ 12.15-നാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 10.3 ഡിഗ്രി സെൽഷ്യസ് ജബൽ ജെയ്സിൽ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശൈത്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി രാജ്യത്തെ ഏറ്റവും തണുപ്പേറിയ പർവതനിരകൾ, താഴ് വരകൾ (വാദികൾ), മരുഭൂമി പ്രദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കാലാവസ്ഥാ രേഖകളുടെ അടിസ്ഥാനത്തിൽ പുറത്തുവന്നിട്ടുണ്ട്.
പർവതനിരകളിലെ തണുപ്പുള്ള കേന്ദ്രങ്ങൾ
: ഹജർ പർവതനിരകളുടെ ഭാഗമായ ജബൽ ജെയ്സാണ് യു.എ.ഇ.യിലെ ഏറ്റവും തണുപ്പേറിയ സ്ഥലം. സമുദ്രനിരപ്പിൽനിന്ന് 1,934 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ 2009 നവംബറിൽ 4.1 ഡിഗ്രി സെൽഷ്യസും കഴിഞ്ഞ ഡിസംബറിൽ 3.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു. 2017 ഫെബ്രുവരിയിൽ മഞ്ഞുവീഴ്ചയുണ്ടായപ്പോൾ താപനില മൈനസ് 5.7 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. ഡിസംബർ, ജനുവരിമാസങ്ങളിൽ രാത്രികാല താപനില പൂജ്യം മുതൽ 10 ഡിഗ്രി വരെയാകാറുണ്ട്. റാസൽഖൈമയിലെ തന്നെ മെബ്ര പർവതം സീസൺ മാറുമ്പോൾ ആദ്യം തണുക്കുന്ന ഇടങ്ങളിലൊന്നാണ്; ഈ വർഷം ഒക്ടോബർ 26-ന് ഇവിടെ 16.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ശൈത്യകാലത്ത് 9.4 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴാറുള്ള റാസൽഖൈമയിലെ ജബൽ അൽ റഹ്ബയാണ് മറ്റൊരു പ്രധാന കേന്ദ്രം.
ദുബായ് നിവാസികളുടെ പ്രിയപ്പെട്ട ശൈത്യകാല വിനോദസഞ്ചാര കേന്ദ്രമാണ് ഹജർ മലനിരകളിലെ ഹത്ത. ഇവിടുത്തെ പർവതങ്ങളും ഹത്ത ഡാമും പ്രകൃതിസ്നേഹികളെയും ഹൈക്കർമാരെയും ആകർഷിക്കുന്നു. അജ്മാൻ നഗരത്തിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മസ്ഫൂത്ത് ശാന്തമായ ഗ്രാമീണ അന്തരീക്ഷവും നടത്തവും പിക്നിക്കുകളും ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഇടമാണ്.
താഴ്വരകൾ (വാദികൾ)
: മഴയ്ക്കുശേഷം വെള്ളം നിറയുന്ന മലയിടുക്കുകളായ വാദികൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ശൈത്യകാലം. വാരാന്ത്യങ്ങളിൽ ഹൈക്കിങ്ങിനും സൈക്ലിങ്ങിനും എത്തുന്നവരുടെ ഇഷ്ടകേന്ദ്രമാണ് റാസൽഖൈമയിലെ വാദി ഷൗക്ക; 2001-ൽ നിർമിച്ച ഡാം ഇവിടുത്തെ പ്രധാന ആകർഷണമാണ്. കുടുംബങ്ങൾക്ക് അനുയോജ്യമായ ഹൈക്കിങ് പാതകളുള്ള റാസൽഖൈമയിലെ വാദി നഖബിൽ വവ്വാലുകൾ വസിക്കുന്ന ഒരു ഗുഹയ്ക്ക് സമീപത്തുകൂടിയുള്ള പാത ശ്രദ്ധേയമാണ്. ദുബായിൽനിന്ന് രണ്ട് മണിക്കൂർ യാത്രാദൂരമുള്ള വാദി ഗലീല കുത്തനെയുള്ള പാറക്കെട്ടുകൾക്കും റോക്ക് ക്ലൈമ്പിങ്ങിനും പേരുകേട്ടതാണ്. ഓഫ്-റോഡ് യാത്രക്കാർക്കായി അൽ ഗെയിൽ ഗ്രാമത്തിൽനിന്ന് ആരംഭിക്കുന്ന 16.8 കിലോമീറ്റർ പാതയുള്ള വാദി ആസിമ ചെറുഗ്രാമങ്ങൾ, കുളങ്ങൾ, പരമ്പരാഗത ഫലജ് ജലസേചന ചാലുകൾ എന്നിവയിലൂടെ കടന്നുപോകുന്നു. ഇവിടെ യാത്ര ചെയ്യാൻ ഫോർ-വീൽ ഡ്രൈവ് വാഹനങ്ങൾ അനിവാര്യമാണ്.
മരുഭൂമിയും ഉൾനാടൻ പ്രദേശങ്ങളും
: അൽ ഐനിലെ റക്ന രാജ്യത്തെ ഏറ്റവും തണുപ്പേറിയ പ്രഭാതങ്ങൾ രേഖപ്പെടുത്തുന്ന പ്രദേശമാണ്. കഴിഞ്ഞ വർഷം നവംബർ ഒൻപതിന് രാവിലെ 6.30-ന് ഇവിടെ 9.8 ഡിഗ്രി സെൽഷ്യസും, 2024 ഡിസംബർ ഒൻപതിന് 4.9 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. 2021 ജനുവരി ഒൻപതിന് പുലർച്ചെ 5.15-ന് റക്നയിലെ താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. തൊട്ടടുത്തുള്ള യു.എ.ഇ-ഒമാൻ അതിർത്തിയിൽ 1,249 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ ഹഫീത്തും ഇവിടുത്തെ താഴ്വാരത്തുള്ള ബി.സി 3000-ത്തോളം പഴക്കമുള്ള 500-ഓളം പുരാതന ശവകുടീരങ്ങളടങ്ങിയ 'ബീഹൈവ്' സെമിത്തേരിയും സഞ്ചാരികളെ ആകർഷിക്കുന്നു. അൽ ഐൻ മേഖലയിലെ തന്നെ ദംതയിൽ 2024 ഡിസംബർ ഒൻപതിന് 7.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.
ലിവ മരുഭൂമിയിലെ അൽ ദഫ്രയിലുള്ള മെസൈറ പുലർച്ചെ കടുത്ത തണുപ്പ് അനുഭവപ്പെടുന്നതും തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങളെ നിരീക്ഷിക്കാൻ അനുയോജ്യവുമായ ഇടമാണ്. കഴിഞ്ഞ വർഷം നവംബർ പകുതിയോടെ ഇവിടെ 11.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഷാർജയിൽനിന്ന് കൽബയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന 'ഫോസിൽ റോക്ക്' അഥവാ ജബൽ മലീഹ എട്ട് കോടിയിലധികം വർഷം പഴക്കമുള്ള സമുദ്ര ഫോസിലുകൾക്കും നക്ഷത്രനിരീക്ഷണത്തിനും പ്രശസ്തമാണ്. ദുബായ് നഗരത്തിൽനിന്ന് 30 മുതൽ 45 മിനിറ്റ് വരെ യാത്രാദൂരമുള്ള മരുഭൂമിയിലെ കൃത്രിമ തടാകങ്ങളുടെ ശൃംഖലയായ അൽ ഖുദ്രയും ശൈത്യകാല സായാഹ്നങ്ങൾ ചെലവഴിക്കാൻ മികച്ച ഇടമാണ്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
: പർവതങ്ങളിലും മരുഭൂമികളിലും രാത്രികാലങ്ങളിൽ താപനില പെട്ടെന്ന് താഴാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ, പുതപ്പുകൾ, ആവശ്യത്തിന് കുടിവെള്ളം എന്നിവ കരുതണം. യാത്ര തിരിക്കുന്നതിന് മുമ്പ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ പരിശോധിക്കേണ്ടതാണ്. മുകളിൽ ആകാശം തെളിഞ്ഞുകാണപ്പെട്ടാലും മലനിരകളിൽ മഴ പെയ്താൽ വാദികളിൽ പെട്ടെന്ന് മിന്നൽപ്രളയം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുള്ള സമയങ്ങളിൽ വാദികളിൽ ഇറങ്ങുന്നത് കർശനമായി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ ആഴ്ചകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.