പ്രവാസികളുടെ നിക്ഷേപം തേടി കേരള റബര്‍ ലിമിറ്റഡ്, സ്ഥലവും സൗകര്യവും സര്‍ക്കാര്‍ നല്‍കും

ദുബായിയില്‍ ചേര്‍ന്ന നിക്ഷേപക സംഗമത്തില്‍ കരിമ്പുഴ രാമന്‍ സംസാരിക്കുന്നു
ദുബായിയില്‍ ചേര്‍ന്ന നിക്ഷേപക സംഗമത്തില്‍ കരിമ്പുഴ രാമന്‍ സംസാരിക്കുന്നു

ദുബായ്: കേരളത്തിലെ റബര്‍ വ്യവസായത്തിലേക്ക് പ്രവാസികളുടെ നിക്ഷേപം തേടി കേരള റബര്‍ ലിമിറ്റഡ് അധികൃതര്‍ ദുബായിലെത്തി. ഇതുസംബന്ധിച്ച് ഊദ് മേത്താ ഇന്ത്യാ ക്ലബ്ബില്‍ ചേര്‍ന്ന നിക്ഷേപക സംഗമത്തില്‍ 60 നിക്ഷേപകര്‍ പങ്കെടുത്തു. റബര്‍ വ്യവസായത്തിലേക്ക് പ്രവാസികളെകൂടി സ്വാഗതം ചെയ്ത് കേരളത്തിലെ റബ്ബറിന് വന്‍ മൂല്യ വര്‍ധിത വിപണി കാണാനാണ് ശ്രമിക്കുന്നതെന്ന് കേരള റബ്ബര്‍ ലിമിറ്റഡ് അഡൈ്വസര്‍ കരിമ്പുഴ രാമന്‍ പറഞ്ഞു.

ഇതാദ്യമായാണ് കേരളത്തിന് പുറത്തുനിന്ന് റബര്‍ മേഖലയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ റബര്‍ ലിമിറ്റഡ് ശ്രമം നടത്തുന്നത്. പുതിയ റബര്‍ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലവും സൗകര്യവും അനുവദിക്കും. സംരംഭകര്‍ക്ക് നേരിട്ട് ഏറ്റെടുക്കാവുന്ന നിലയില്‍ ഭൂമി ലഭ്യമാണ്. കോട്ടയത്തെ വെള്ളൂരില്‍ 164 ഏക്കറില്‍ റബര്‍ വ്യവസായം ആരംഭിക്കാന്‍ റബര്‍ ലിമിറ്റഡ് സൗകര്യമൊരുക്കുന്നുണ്ട്. ലാറ്റക്സ്, ഡ്രൈ റബര്‍, റബര്‍ തടി തുടങ്ങി മൂന്ന് മേഖലകളില്‍ വ്യവസായം തുടങ്ങാനുള്ള സൗകര്യമാണൊരുക്കുന്നത്. കേരള റബ്ബര്‍ ലിമിറ്റഡ് പിറവത്ത് തുടങ്ങുന്ന ഏറ്റവും വലിയ റബ്ബര്‍ ക്ലസ്റ്ററിന്റെ പ്രവര്‍ത്തങ്ങളും അതില്‍ നിക്ഷേപം നടത്തി എങ്ങനെ പുതിയ സംരംഭകര്‍ക്ക് വിജയം ഉണ്ടാക്കാം എന്നതിനെക്കുറിച്ചും കരിമ്പുഴ രാമന്‍ വിശദീകരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ റബറില്‍ നിന്നുള്ള ഏത് ഉല്പ്പന്നത്തിനും ഫാക്ടറി തുടങ്ങാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ റബര്‍ വ്യവസായ സംരംഭങ്ങളുമായി റബര്‍ കേരളയ്ക്കു നേരിട്ട് ബന്ധമുണ്ട്. ഇതുവഴി റബര്‍ ഉല്പ്പാദക സംഘങ്ങളും കര്‍ഷകരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും കരിമ്പുഴ രാമന്‍ പറഞ്ഞു.

ദുബായിയില്‍ ചേര്‍ന്ന നിക്ഷേപക സംഗമത്തില്‍ നിന്ന്

വെള്ളൂരിലെ റബര്‍ വ്യവസായ കേന്ദ്രത്തില്‍ റബര്‍ ഉത്പന്നങ്ങള്‍ പുനരുപയോഗ യോഗ്യമാക്കാനുള്ള സൗകര്യം, ഗുണമേന്മാ പരിശോധന സംവിധാനം, റബര്‍ ഗവേഷണ സൗകര്യം, റബര്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള സ്ഥലം, വ്യവസായ ഇന്‍കുബേഷന്‍ സെന്റര്‍, പരിശീലനത്തിനുള്ള കേന്ദ്രം, റബര്‍ ഉത്പന്നങ്ങള്‍ അണുവിമുക്തമാക്കാനുള്ള സൗകര്യം, വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും, വ്യവസായത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ വെയര്‍ഹൗസുകള്‍, വ്യവസായത്തിന് ആവശ്യമായ ഉപകരണങ്ങള്‍, വര്‍ക്ക്ഷോപ്, വൈദ്യുതി, 24 മണിക്കൂറും ജലസേചന സൗകര്യം, ജോലിക്കാര്‍ക്കു താമസസൗകര്യം, കാന്റീന്‍, ഗസ്റ്റ് ഹൗസുകള്‍, അഡ്മിനിസ്ട്രേറ്റിവ് ബില്‍ഡിങ് എന്നിവയെല്ലാം സജ്ജമാണ്. പുതുതായി റബര്‍ ഉത്പന്നം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും റിസര്‍ച്ച് ആന്‍ഡ് വെള്ളൂരിലെ ഡെവലപ്മെന്റ് സെന്റര്‍ നല്‍കും. വെള്ളൂരില്‍ 65 മുതല്‍ 70 വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള ഭൂമിയാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. മൊത്തം 90 ഏക്കര്‍ ഇത്തരത്തില്‍ ഏറ്റെടുക്കാന്‍ കഴിയും. 30 വര്‍ഷത്തേക്ക് 1.80 കോടി മുതല്‍ 1.90 കോടി രൂപയാണ് വാടകയെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരള റബ്ബര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുന്‍ ചീഫ് സെക്രട്ടറി ഷീല തോമസ് ഓണ്‍ലൈന്‍ വഴി സംസ്ഥാന സര്‍ക്കാര്‍ റബറിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചും, ക്ലസ്റ്റര്‍ ഡിവലപ്മെന്റിലൂടെ വരാന്‍ പോകുന്ന വന്‍സാധ്യതകളെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു. ലോക കേരള സഭാംഗം ടി.എന്‍ കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.

Content Highlights: kerala-rubber-investment-dubai