ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പേരിൽ വ്യാജ അക്കൗണ്ടുകളും എഐ ചിത്രങ്ങളും: ജാഗ്രതാ നിർദ്ദേശം

പ്രചരിക്കുന്ന വ്യാജചിത്രങ്ങളിലൊന്ന്
പ്രചരിക്കുന്ന വ്യാജചിത്രങ്ങളിലൊന്ന്

ദുബായ്: ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പ്രത്യക്ഷപ്പെടുന്നതായി റിപ്പോർട്ട്. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് ക്യാപ്റ്റൻ സ്മിതിന്റെ പേരിൽ വ്യാജ എക്‌സ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

താൻ സുഖം പ്രാപിച്ചുവരികയാണെന്നും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും കാണിച്ച് എക്‌സിൽ പ്രത്യക്ഷപ്പെട്ട വ്യാജ പ്രൊഫൈലിലെ പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യപ്പെടുകയും അക്കൗണ്ട് പേര് മാറ്റുകയും ചെയ്തു.

ഇൻസ്റ്റാഗ്രാമിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളും കോക്പിറ്റിൽ നടന്ന കാര്യങ്ങളെന്ന വ്യാജേന തയ്യാറാക്കിയ വിഡിയോകളും പ്രചരിക്കുന്നുണ്ട്. ക്യാപ്റ്റൻ നിലവിൽ അബുദാബിയിൽ വിദഗ്ദ്ധ ചികിത്സയിൽ തുടരുകയാണെന്നും ഇത്തരം വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ആശുപത്രിയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. അടിയന്തര ഘട്ടത്തിൽ പൈലറ്റ് കാണിച്ച മനസ്സാന്നിധ്യത്തെയും വീരതയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷും ക്യാപ്റ്റൻ സ്മിതിനെ വാനോളം പുകഴ്ത്തി. വൻ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് പരമോന്നത പ്രശംസയ്ക്ക് അർഹനാണെന്നും അദ്ദേഹത്തിന്റെ ധീരത മാതൃകാപരമാണെന്നും ഗർഗാഷ് എക്‌സിൽ കുറിച്ചു.