ഈദ് അല്‍ ഇത്തിഹാദ്: രാജ്യമെങ്ങും ആഘോഷം

അബുദാബി: യു.എ.ഇ.യുടെ 53-ാമത് ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ അല്‍ ഐന്‍ നഗരത്തില്‍ നടക്കുമെന്ന് ഈദ് അല്‍ ഇത്തിഹാദ് സംഘാടകസമിതി അറിയിച്ചു. ദേശീയ ദിനാഘോഷങ്ങള്‍ ഈ വര്‍ഷം മുതല്‍ ഈദ് അല്‍ ഇത്തിഹാദ് എന്ന പേരിലാണ് അറിയപ്പെടുക.
1971-ല്‍ യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ഏഴ് എമിറേറ്റുകള്‍ ഒരു ഏകീകൃത രാഷ്ട്രമായതിനെ അനുസ്മരിക്കാനാണ് എല്ലാവര്‍ഷവും ഡിസംബര്‍ രണ്ടിന് യു.എ.ഇ. ദേശീയ ദിനം ആഘോഷിക്കുന്നത്.
ഈദ് അല്‍ ഇത്തിഹാദിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍, വെബ്‌സൈറ്റ്, പ്രാദേശിക ടി.വി. ചാനലുകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത പൊതുയിടങ്ങളിലും ദേശീയ ദിനാഘോഷങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടാകും. തത്സമയ പരിപാടി പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളുടെ വിശദ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
യു.എ.ഇ.യുടെ ചരിത്രത്തില്‍ അല്‍ ഐനിന് നിര്‍ണായക സ്ഥാനമുണ്ടെന്ന് സംഘാടക സമിതിയുടെ കമ്യൂണിക്കേഷന്‍സ് മേധാവി അയിഷ അല്‍ നുഐമി പറഞ്ഞു. പ്രകൃതിയും പൈതൃകവും ഇഴചേര്‍ന്നുനില്‍ക്കുന്ന നഗരമാണിത്. സുസ്ഥിര ഭാവിക്കായുള്ള യു.എ.ഇ. യുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് അല്‍ ഐനിലെ ഓരോ കാഴ്ചകളും. പ്രകൃതിസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് പുരോഗതി കൈവരിക്കാനാണ് ഭാവിതലമുറയെ പ്രചോദിപ്പിക്കുന്നത്.
യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ തന്റെ ഔദ്യോഗിക ജീവിതം അല്‍ ഐനിലാണ് ആരംഭിച്ചത്. പ്രകൃതി രമണീയമായ കാഴ്ചകള്‍ക്കും പുരാതന ജലസേചന സംവിധാനങ്ങള്‍ക്കും ഏറെ പ്രശസ്തമാണ് ഈ ഉദ്യാനനഗരം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
ഏഴ് എമിറേറ്റുകളിലും ഒരുക്കം പൂര്‍ത്തിയായി
രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും ചരിത്രവും പ്രദര്‍ശിപ്പിക്കുന്ന ഒട്ടേറെ പരിപാടികള്‍ക്ക് അല്‍ ഐന്‍ വേദിയാകും. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് ഈ മാസം മൂന്നിനാണ് തുടക്കമായത്.
ഏഴ് എമിറേറ്റുകളിലും വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ നടത്തും. ശൈഖ് സായിദ് ഫെസ്റ്റിവല്‍, ജെ.ബി.ആര്‍. ബീച്ച്, അല്‍ സീഫ്, ഹത്ത, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഗ്ലോബല്‍ വില്ലേജ്, ബുര്‍ജ് ഖലീഫ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡിസംബര്‍ രണ്ടിനും മൂന്നിനും കരിമരുന്ന് പ്രയോഗങ്ങളുണ്ടാകും. സീസണല്‍ മാര്‍ക്കറ്റുകളായ ബീച്ച്, കാന്റീന്‍, റൈപ്പ് മാര്‍ക്കറ്റ്, വിന്റര്‍ വണ്ടര്‍ലാന്‍ഡ് എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ അരങ്ങേറും.
വതനി അല്‍ ഇമാറാത്തിന്റെ സഹകരണത്തോടെ അടുത്തമാസം രണ്ടിന് സിറ്റി വാക്കില്‍ യൂണിയന്‍ ഡേ പരേഡ് സംഘടിപ്പിക്കും. യു.എ.ഇ.യുടെ പൈതൃകത്തിന്റെ നേര്‍ക്കാഴ്ചകള്‍ നല്‍കുന്നതിന് മ്യൂസിയങ്ങളും പൈതൃകഗ്രാമങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും.
കഴിഞ്ഞവര്‍ഷം എക്‌സ്പോ സിറ്റിയാണ് ഔദ്യോഗിക പരിപാടികള്‍ക്ക് വേദിയായത്.
അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍, ഹത്ത അണക്കെട്ട്, അല്‍ ജുബൈല്‍ മാന്‍ഗ്രൂവ് പാര്‍ക്ക്, സായിദ് സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളും മുന്‍ വര്‍ഷങ്ങളില്‍ ദേശീയദിന ഔദ്യോഗിക ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് www.eidaletihad.ae. സന്ദര്‍ശിക്കുക.
ഫുജൈറയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍
യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് എമിറേറ്റില്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഈദ് അല്‍ ഇത്തിഹാദിന്റെ ഫുജൈറ സംഘാടക സമിതി അറിയിച്ചു.
ദിബ്ബ അല്‍ ഫുജൈറ, അല്‍ തവയീന്‍, അല്‍ ഖര്‍യ, മസാഫി, അല്‍ സെയ്ജി, വും, മുര്‍ബഹ്, അവ്ഹല എന്നിവയുള്‍പ്പെടെ എമിറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും.
സാമൂഹിക പങ്കാളിത്തവും താമസക്കാര്‍ക്കിടയില്‍ സന്തോഷവും വര്‍ധിപ്പിക്കാനാമാണ് പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശപ്രകാരമാണ് ദേശീയദിന ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്ന് ഫുജൈറ ഗവണ്‍മെന്റ് അമീരി കോര്‍ട്ട് മേധാവി മുഹമ്മദ് സഈദ് അല്‍ ധന്‍ഹാനി പറഞ്ഞു. ആഘോഷ പരിപാടികളിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
ഷാര്‍ജയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം
എമിറേറ്റിലെ പ്രധാന സാംസ്‌കാരിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലുടനീളം യു.എ.ഇ.യുടെ നേട്ടങ്ങളും പൈതൃകവും ആഘോഷിക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. ഡിസംബര്‍ രണ്ടു വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഷാര്‍ജയില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഷാര്‍ജ യൂണിയന്‍ ദിനാചരണ കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു.
ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ കലാ-വിനോദ പ്രകടനങ്ങള്‍, മത്സരങ്ങള്‍, വിദ്യാഭ്യാസ ശില്പശാലകള്‍ എന്നിവ നടക്കും. അല്‍ ദൈദ് സിറ്റിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ദേശീയദിന മാര്‍ച്ച് ഈ മാസം 27-ന് നടക്കും. ഗ്രാന്‍ഡ് മോസ്‌കില്‍നിന്നാരംഭിച്ച് അല്‍ ദൈദ് ഫോര്‍ട്ടില്‍ മാര്‍ച്ച് അവസാനിക്കും.
ഈ മാസം 28 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള ആഘോഷങ്ങളില്‍ വിവിധ കലാപരിപാടികളുണ്ടാകും. അല്‍ ബതേഹില്‍ 28 മുതല്‍ 30 വരെ പൈതൃകം പ്രമേയമാക്കിയുള്ള ആഘോഷങ്ങള്‍ നടക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍, പ്രദേശവാസികള്‍, സ്‌കൂളുകള്‍, കലാസംഘങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന പരമ്പരാഗത നാടോടി പരേഡ് ഉണ്ടാകും. കുതിര, ക്ലാസിക് കാര്‍ പരേഡുകള്‍, നാടോടിക്കഥകള്‍ എന്നിവയുമുണ്ടാകും.
കല്‍ബയില്‍ 23 മുതല്‍ 25 വരെ ദേശീയദിന പരേഡ്, ക്ലാസിക് കാര്‍ പരേഡ്, പരമ്പരാഗതകളികള്‍, കായിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ അരങ്ങേറും. വാദി അല്‍ ഹീലിയോയിലെ ആഘോഷങ്ങള്‍ 24-ന് നടക്കും. ഖോര്‍ഫക്കാന്റെ ആഘോഷങ്ങള്‍ 22 മുതല്‍ 24 വരെ ഖോര്‍ഫക്കാന്‍ ആംഫി തിയേറ്ററിലെ ഔട്ട്ഡോര്‍ പ്ലാസയില്‍ നടക്കും. പരിപാടിയില്‍ കലാ ശില്പശാലകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, പരമ്പരാഗത പ്രകടനങ്ങള്‍ എന്നിവ അരങ്ങേറും. ആംഫി തിയേറ്ററിലും പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് ഖോര്‍ഫക്കാന്‍ ആംഫി തിയേറ്ററില്‍ സംഗീത സന്ധ്യ നടക്കും. ഈ സംഗീത സായാഹ്നങ്ങളില്‍നിന്നുള്ള വരുമാനം ലോകമെമ്പാടുമുള്ള കുട്ടികളെയും ദുര്‍ബലരായ ആളുകളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി ദ ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷനിലേക്ക് കൈമാറും.
23-ന് ദിബ്ബ അല്‍ ഹിസ്നിലെ പരിപാടികള്‍, വൈകുന്നേരം നാലുമണിക്ക് പൊതു പരേഡോടെ ആരംഭിക്കും. തുടര്‍ന്ന് നാടോടി പ്രകടനങ്ങള്‍, ഷാര്‍ജ യൂണിയന്‍ ദിനാഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയഗാനവും കവിതാപാരായണവും ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും.
ഈ മാസം 22-ന് അല്‍ മദാമില്‍ പൈതൃകപ്രകടനങ്ങള്‍, വെടിക്കെട്ട് ഉള്‍പ്പെടെയുള്ള സായാഹ്ന വിനോദങ്ങള്‍ എന്നിവ സംഘടിപ്പിക്കും. അല്‍ ഹംരിയയുടെ ആഘോഷങ്ങള്‍ 27, 28 തീയതികളില്‍ അല്‍ ഹംറിയ ബീച്ച് പാര്‍ക്കിലും ക്രീക്കിലും നടക്കും.
Content Highlights: Eid al-Etihad: Celebration across the country