അക്കാഫ് അസോസിയേഷന്റെ 28-ാമത് പൊന്നോണക്കാഴ്ച '26: പ്രാഥമിക മത്സരങ്ങൾ ഒക്ടോബർ നാലിന്

ദുബായ്: അക്കാഫ് അസോസിയേഷന്റെ 28-ാമത് പൊന്നോണക്കാഴ്ച '26ന്റെ പ്രാഥമിക മത്സരങ്ങൾ ഒക്ടോബർ നാലിന് ദുബായ് ഖിസൈസിലെ അമിറ്റി സ്‌കൂളിൽ നടക്കും.

രാവിലെ 8 മണിക്ക് സൂപ്പർ കിഡ്‌സ് ഫാഷൻഷോയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് രാവിലെ 11 മണിക്ക് ഓണം കൺവെൻഷൻ നടക്കും.

അക്കാഫ് അസോസിയേഷന്റെ വിവിധ മെമ്പർ കോളേജ് അലുമ്‌നി പ്രതിനിധികൾ, പൊന്നോണക്കാഴ്ചയുടെ വിവിധ സബ് കമ്മിറ്റി കൺവീനർമാർ, കോർഡിനേറ്റർമാർ, ജോയിന്റ് കൺവീനർമാർ എന്നിവർ കൺവെൻഷനിൽ പങ്കെടുക്കും.

പൊന്നോണക്കാഴ്ച '26ന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കൺവെൻഷൻ വേദിയാകും.
ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷമായ അക്കാഫ് അസ്സോസിയേഷന്റെ പൊന്നോണക്കാഴ്ച '26ന്റെ വിജയകരമായ നടത്തിപ്പിനായി ജനറൽ കൺവീനർ സാനു മാത്യു (കോളേജ് ഓഫ് എൻജിനീയറിംഗ്, തിരുവനന്തപുരം), ജോയിന്റ് ജനറൽ കൺവീനർമാരായ അനിൽ നായർ (എൻ.എസ്.എസ്. പോളിടെക്‌നിക് കോളേജ്, പന്തളം), ബീന ശശിശങ്കർ (സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി), ലക്ഷ്മി ഷിബു (ശ്രീനാരായണ കോളേജ് ഫോർ വിമൻ, കൊല്ലം), സത്യജിത് വാസുദേവ് (ശ്രീനാരായണ കോളേജ്, കണ്ണൂർ), ജയകൃഷ്ണൻ രാധാകൃഷ്ണൻ (അമൃത വിശ്വവിദ്യാപീഠം, കൊല്ലം), അമീർ സിറാജ് (ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിംഗ്, എറണാകുളം) എന്നിവരുടെ നേതൃത്വത്തിൽ 30 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

ഏകദേശം 700ഓളം കൺവീനർമാരും കോർഡിനേറ്റർമാരും ജോയിന്റ് കൺവീനേഴ്‌സും പ്രവർത്തകരുമാണ് വിവിധ സബ് കമ്മിറ്റികളിലായി പൊന്നോണക്കാഴ്ചയുടെ സംഘാടക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നത്.
കൺവെൻഷന് ശേഷം ഉച്ചയ്ക്ക് മറ്റ് കലാ മത്സരങ്ങളുടെ പ്രാഥമിക ഘട്ടം നടക്കും. നാടൻപാട്ട്, പുരുഷകേസരി, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങളിലാണ് പ്രാഥമിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മെമ്പർ കോളേജ് അലുമ്‌നി സംഘടനകളിൽ നിന്ന് പങ്കെടുക്കുന്ന മത്സരാർത്ഥികളിൽനിന്ന് മലയാളി മങ്ക, പുരുഷ കേസരി മത്സരങ്ങളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തുന്ന മത്സരാർത്ഥികൾക്ക് ഒക്ടോബർ 11-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മെഗാ ഇവന്റിൽ വീണ്ടും മാറ്റുരയ്ക്കാനുള്ള അവസരം ലഭിക്കും.
അതോടൊപ്പം, നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് മെഗാ ഇവന്റിൽ പ്രത്യേക അവതരണത്തിനും അവസരം ലഭിക്കും. കിഡ്‌സ് ഫാഷൻ ഷോയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് പ്രത്യേക റാംപ് വാക്കിലും പങ്കെടുക്കാം.
കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 14 ജില്ലകളിൽ നിന്നുള്ള ഏകദേശം 135 കോളേജ് അലുമ്‌നി സംഘടനകളുടെ കൂട്ടായ്മയാണ് അക്കാഫ് അസോസിയേഷൻ. വിവിധ കോളേജ് അലുമ്‌നി കൂട്ടായ്മകളെ ഒരേ വേദിയിൽ അണിനിരത്തി സംഘടിപ്പിക്കുന്ന പൊന്നോണക്കാഴ്ച, യുഎഇയിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി മാറുകയാണ്.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിൻസെന്റ് വലിയവീട്ടിൽ, ഗിരീഷ് മേനോൻ, സുനിൽ കുമാർ ആർ, മുനീർ സി.എൽ എന്നിവരുടെ നേതൃത്വത്തിലാണ് പൊന്നോണക്കാഴ്ച '26ന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.