ഓർഡർ എത്തിക്കാനുള്ള തിരക്കിലും പൊതുനന്മ മറന്നില്ല; ഇന്ത്യക്കാരനെ ചേർത്തുപിടിച്ച് യു.എ.ഇ.

#ഗൾഫ് ഡെസ്ക്
ദുബായ് തൊഴില്‍ കാര്യ സ്ഥിരം സമിതിയിലെ അബ്ദുള്ള ലഷ്‌ക്കരി ഇന്ത്യക്കാരനായ ഡൈവറി യുവാവ് മുഹമ്മദ് പര്‍വേസിന് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു
ദുബായ് തൊഴില്‍ കാര്യ സ്ഥിരം സമിതിയിലെ അബ്ദുള്ള ലഷ്‌ക്കരി ഇന്ത്യക്കാരനായ ഡൈവറി യുവാവ് മുഹമ്മദ് പര്‍വേസിന് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു

ദുബായ്: റോഡരികിലെ പൊട്ടിയ പൈപ്പിൽനിന്ന് വെള്ളം ശക്തമായി ഒഴുകി ഗതാഗതത്തിന് തടസ്സമായത് കണ്ടതോടെ ഡെലിവറി യാത്ര നിർത്തി, നിരന്തര ശ്രമത്തിലൂടെ പൈപ്പ് ശരിയാക്കി വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ ഇന്ത്യൻ യുവാവ് മുഹമ്മദ് പർവേസിന് ദുബായുടെ ആദരം. പർവേസിന്റെ പ്രവൃത്തി ഒരു സ്വദേശി മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലാവുകയും അധികൃതരുടെ ശ്രദ്ധയിലെത്തുകയുമായിരുന്നു.

ഓർഡർ എത്തിക്കാനായി ബൈക്കിൽ പോകുന്നതിനിടെയാണ് റോഡിലെ വെള്ളക്കെട്ടും ഗതാഗതതടസ്സവും പർവേസിന്റെ ശ്രദ്ധയിൽപ്പെട്ടത്. റോഡരികിലെ പൈപ്പിൽനിന്നാണ് വെള്ളം ശക്തമായി ഒഴുകുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹം ബൈക്ക് നിർത്തി പൈപ്പ് ശരിയാക്കാൻ ശ്രമിച്ചു. ആദ്യ ശ്രമങ്ങളിൽ വിജയിച്ചില്ലെങ്കിലും പിന്മാറാതെ വീണ്ടും വീണ്ടും ശ്രമിച്ച പർവേസ് ഒടുവിൽ പൈപ്പ് നന്നാക്കി റോഡിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചു.

ആരും ആവശ്യപ്പെടാതെ, സ്വന്തം ജോലി വൈകുമെന്നത് പോലും കണക്കാക്കാതെ ഒരു പൊതുപ്രശ്‌നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ പർവേസിന്റെ പ്രവൃത്തിയാണ് വഴിയാത്രക്കാരനായ സ്വദേശി പകർത്തിയത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വബോധവും നന്മയും ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് മുഹമ്മദ് പർവേസിനെ ജബൽ അലിയിലെ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്‌സ് ഓഫീസിലേക്ക് ക്ഷണിച്ച് ആദരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ (ജി.ഡി.ആർ.എഫ്.എ) കീഴിലുള്ള പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്‌സിലെ അബ്ദുള്ള ലഷ്‌കരി പർവേസിനെ സ്‌നേഹത്തോടെ ചേർത്തുപിടിച്ച് അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റും സമ്മാനവും കൈമാറുകയും ചെയ്തു.

അപ്രതീക്ഷിതമായി ലഭിച്ച ആദരത്തിലും സ്‌നേഹപൂർവമായ സ്വീകരണത്തിലും സന്തോഷം പ്രകടിപ്പിച്ച പർവേസ് അധികൃതർക്ക് നന്ദി അറിയിച്ചു. ഐ ലവ് യൂ ദുബായ്-എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.

ഓർഡർ എത്തിക്കാനുള്ള തിരക്കിനിടയിലും 'ഇത് എന്റെ കാര്യമല്ല' എന്നു പറഞ്ഞ് കടന്നുപോകാതെ പൊതുനന്മയ്ക്കായി ഏതാനും നിമിഷങ്ങൾ മാറ്റിവെച്ച ഒരു സാധാരണ തൊഴിലാളിയുടെ മനസ്സിനെയാണ് ദുബായ് ചേർത്തുപിടിച്ചത്. പാഴായൊഴുകിയ വെള്ളം തടഞ്ഞ ആ കൈകൾക്ക് ലഭിച്ചത് ഒരു സർട്ടിഫിക്കറ്റും സമ്മാനവും മാത്രമായിരുന്നില്ല. നന്മയെ തിരിച്ചറിഞ്ഞ നഗരത്തിന്റെ ഹൃദയം നിറഞ്ഞ ആദരം കൂടിയായിരുന്നു.