ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകാൻ കോടതിവിധി. തിരുവനന്തപുരം വർക്കല സ്വദേശിയായ സുധീറിനാണ് (38) നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. 15 വർഷമായി ദുബായിലെ ഒരു കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. 2025 മെയിലാണ് തൊഴിലിനെ വാഹനാപകടത്തിൽ ഇടതുകാലിന് സാരമായി പരിക്കേറ്റത്.
ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ഒരു നടപ്പാതയിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു. തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സുധീറിന്റെ ഇടതുകാൽ ചതയുകയായിരുന്നു. ജബൽഅലി എൻ.എം.സി റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന സുധീറിന്റെ ഇടതുകാൽ മുട്ടിന് താഴെവെച്ച് പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. തുടർന്നാണ് ദുബായിലെ ആയിഷ അൽ ദഹേരി അഡ്വക്കേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന ദുബായ് കോടതിയിൽ നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്തത്.
രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഒരു മില്യൻ ദിർഹം നഷ്ടപരിഹാരം വേണം എന്നാവശ്യപ്പെട്ടാണ് ആയിഷ അൽദഹേരി അഡ്വക്കേറ്റ്‌സ് ദുബായ് കോടതിയിൽ ഇൻഷുറൻസ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തത്. പ്രാഥമികകോടതി നാല് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഈ വിധിക്കെതിരെ അഭിഭാഷകൻ മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. തുടർന്ന് അപ്പീൽ കോടതി ആറ് ലക്ഷം ദിർഹമായി നഷ്ടപരിഹാരം വർധിപ്പിച്ചു. ഈ തുകയും കോടതിച്ചെലവും സഹിതം 655,341 ദിർഹം ഇൻഷുറൻസ് കമ്പനിയിൽനിന്നും കഴിഞ്ഞദിവസം ലഭിച്ചു. എന്നാൽ, ഈ തുക മതിയായ നഷ്ടപരിഹാരമാകില്ലെന്ന് ചൂണ്ടിക്കാട്ടി ദുബായ് സുപ്രീംകോടതിയിൽ വീണ്ടും അപ്പീൽ ഫയൽ ചെയ്തതായി അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു.