പൈതൃകവും വിനോദവും കൈകോർക്കുന്നു; 'വസം ഹായിലി'ലേക്ക് ആയിരക്കണക്കിന് സന്ദർശകർ

ഹായിൽ: സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്ന് 'വസം ഹായിൽ' ആഘോഷപരിപാടികൾ. ഹായിൽ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഖശ്ല കൊട്ടാരത്തിൽ (Qishlah Palace) സംഘടിപ്പിക്കുന്ന പരിപാടികൾ കാണാൻ സ്വദേശികളും വിദേശികളുമുൾപ്പെടെ ആയിരക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. പ്രവിശ്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും കലാരൂപങ്ങളും വിനോദസഞ്ചാര സാധ്യതകളും പരിചയപ്പെടുത്തുന്ന പരിപാടികൾ പ്രദേശത്തെ ടൂറിസം രംഗത്തിന് കൂടുതൽ കരുത്തേകുകയാണ്.

പരമ്പരാഗത ഒട്ടകപ്രദർശനങ്ങൾ, നാടൻ കലാരൂപങ്ങൾ, വിവിധ വേദികളിലെ കലാപരിപാടികൾ, കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനങ്ങൾ എന്നിവയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ. ക്ലാസിക് കാറുകളുടെ പ്രദർശനവും സംഗീതപരിപാടികളും സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നു. വിവിധ പ്രായക്കാരുടെയും താൽപര്യങ്ങളുടെയും സന്ദർശകരെ ഒരുപോലെ ആകർഷിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ഹായിലിന്റെ ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഒരുക്കിയ ടൂറിസ്റ്റ് ബസ് യാത്രയും ശ്രദ്ധേയമാണ്. ഖശ്ല കൊട്ടാരത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര നഗരത്തിന്റെ കേന്ദ്രഭാഗം, ബർസാൻ മാർക്കറ്റ്, ഹാതിം അൽ ത്വായിയുടെ കാഴ്ചപ്പുര, ഹായിൽ സാംസ്‌കാരിക പൈതൃക സന്ദർശക കേന്ദ്രം, ഐറിഫ് കോട്ട എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ നേരിൽക്കണ്ട് മനസ്സിലാക്കാൻ സന്ദർശകർക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു.

ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പ്രത്യേക അനുഭവങ്ങളും ആഘോഷത്തിന്റെ ഭാഗമാണ്. ഒപ്റ്റിക്കൽ ടെലിസ്‌കോപ്പിലൂടെ ചന്ദ്രനെയും വിവിധ ഗ്രഹങ്ങളെയും നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, സൂര്യനെ സുരക്ഷിതമായി നിരീക്ഷിക്കുന്നതിനായി പ്രത്യേക സോളാർ ടെലിസ്‌കോപ്പും സജ്ജീകരിച്ചിട്ടുണ്ട്. വിനോദത്തോടൊപ്പം ശാസ്ത്രവിജ്ഞാനവും പകരുന്ന ഈ പരിപാടി കുട്ടികളുൾപ്പെടെയുള്ള സന്ദർശകർക്ക് പുതിയ അനുഭവമാകുന്നു.

ഹായിൽ പ്രവിശ്യയുടെ ചരിത്രപരവും സാംസ്‌കാരികവുമായ സവിശേഷതകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും 'വസം ഹായിൽ' പരിപാടികൾക്കുണ്ട്. പൈതൃകവും ആധുനിക വിനോദാനുഭവങ്ങളും ഒരേ വേദിയിൽ സംഗമിക്കുന്ന ആഘോഷം ഹായിലിന്റെ ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായ ഇടം നേടുകയാണ്.