വാദി കബീർ ഇന്ത്യൻ സ്‌കൂൾ പെൺകുട്ടികൾക്ക് തുടർച്ചയായ ആറാം വർഷവും ബാസ്‌കറ്റ്‌ബോൾ കിരീടം

മസ്‌കറ്റ്: മസ്‌കറ്റിലെ ശ്രീലങ്കൻ സ്‌കൂൾ സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ ആറാം വർഷവും വാദി കബീർ ഇന്ത്യൻ സ്‌കൂൾ പെൺകുട്ടികൾ കിരീടം സ്വന്തമാക്കി. പരിശീലകൻ പി ബി ഷിഫാസിന്റെ നേതൃത്വത്തിലാണ് ടീം മത്സരിച്ചത്.

അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോൾ മാനദണ്ഡങ്ങളും ഔദ്യോഗിക ഫിബ നിയമങ്ങളും അനുസരിച്ച് സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മസ്‌കറ്റ് മേഖലയിലെ പത്ത് ഇന്ത്യൻ, അന്താരാഷ്ട്ര സ്‌കൂളുകളും പാകിസ്ഥാൻ, ബംഗ്ലാദേശ് സ്‌കൂളുകളും ടൂർണമെന്റിൽ മാറ്റുരച്ചു.

വാദി കബീർ ഇന്ത്യൻ സ്‌കൂൾ ടീം തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. സെമിഫൈനലിൽ ഇന്ത്യൻ സ്‌കൂൾ അൽ മബേലയെ പരാജയപ്പെടുത്തിയ ടീം ഫൈനലിൽ ശ്രീലങ്കൻ സ്‌കൂൾ മസ്‌കറ്റിനെ കീഴടക്കിയാണ് കിരീടം നിലനിർത്തിയത്.

ടീമിന്റെ മികച്ച പ്രകടനത്തിന് വ്യക്തിഗത പുരസ്‌കാരങ്ങളും ലഭിച്ചു.

* കീർത്തന മുത്തുരാമൻ മികച്ച കളിക്കാരിക്കുള്ള പുരസ്‌കാരം.

* ചൈതന്യ പ്രിയ ടോപ് സ്‌കോറർ പുരസ്‌കാരം

* അനീറ്റ തോമസ് മികച്ച സെന്റർ പുരസ്‌കാരം

തുടർച്ചയായ ആറാം കിരീടനേട്ടം താരങ്ങളുടെ അർപ്പണബോധത്തിന്റെയും അച്ചടക്കത്തിന്റെയും കൂട്ടായ്മയുടെയും ടീം സ്പിരിറ്റിന്റെയും തെളിവാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. പരിശീലകൻ നൽകിയ നിരന്തരമായ മാർഗനിർദേശവും പിന്തുണയും ഈ വിജയത്തിന് വലിയ കരുത്തായി.