കൾവെർട്ടുകൾ പരിശോധിക്കാൻ അത്യാധുനിക സ്മാർട്ട് റോബോട്ടുമായി സൗദി ഗതാഗതവിഭഗം

റിയാദ്: കൾവെർട്ടുകൾ പരിശോധിച്ചു വിവരങ്ങൾ നല്കാൻ അത്യാധുനിക സ്മാർട്ട് റോബോട്ടുമായി സൗദി റോഡ് സുരക്ഷാ വിഭാഗം. കൾവെർട്ടുകളിലെ വിള്ളലുകളും തടസ്സങ്ങളും മറ്റ് തകരാറുകളും സ്വയം കണ്ടെത്തും. 4K ക്യാമറയും തത്സമയ പരിശോധനാ റിപ്പോർട്ടുകളും പ്രത്യേകതകളാണ്. റോഡ് ശൃംഖലയുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായാണ് അത്യാധുനിക പരിശോധനാ റോബോട്ടിനെ ഉപയോഗപ്പെടുത്തുന്നതെന്ന് റോഡ്സ് അതോറിറ്റി അറിയിച്ചു. പൈപ്പുകൾ, കൾവെർട്ടുകൾ തുടങ്ങിയവയ്ക്കുള്ളിലൂടെ സഞ്ചരിച്ച് അവയുടെ ആന്തരിക ഘടനയും പ്രവർത്തനക്ഷമതയും കൃത്യമായി പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണിത്.
CCTV സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടിൽ മുന്നിലും പിന്നിലും ഒരേസമയം ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഉയർന്ന വ്യക്തതയുള്ള 4K ക്യാമറകളുണ്ട്. ഉയർന്ന പ്രകാശശേഷിയുള്ള സഹായ ലൈറ്റുകൾ, ദൂരം അളക്കാനുള്ള ഉപകരണം, ഇലക്ട്രിക് കേബിൾ കോയിലോടുകൂടിയ പോർട്ടബിൾ നിയന്ത്രണ യൂണിറ്റ് എന്നിവയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി കൾവെർട്ടുകളുടെ ഘടനാപരമായ അവസ്ഥയും പ്രവർത്തനക്ഷമതയും വളരെ കൃത്യതയോടെ രേഖപ്പെടുത്താൻ സാധിക്കും.
360 ഡിഗ്രിയിൽ തിരിയാം; 180 ഡിഗ്രിയിൽ മറിഞ്ഞും പരിശോധന നടത്താം
റോബോട്ടിന്റെ പ്രധാന സാങ്കേതിക സവിശേഷതകളിൽ 360 ഡിഗ്രി പൂർണമായി തിരിയാനുള്ള ശേഷിയും 180 ഡിഗ്രി മറിഞ്ഞ് പ്രവർത്തിക്കാനുള്ള ശേഷിയും ഉൾപ്പെടുന്നു. നിലത്തുനിന്ന് ക്യാമറയുടെ ഉയരം 260 മില്ലിമീറ്റർവരെ ക്രമീകരിക്കാൻ കഴിയുന്ന ഇലക്ട്രിക് ലിഫ്റ്റിങ് സംവിധാനവും ഇതിലുണ്ട്.
ഓട്ടോഫോക്കസ് സംവിധാനത്തോടുകൂടിയ പത്തിരട്ടിവരെ സൂം സൗകര്യം റോബോട്ടിന്റെ മറ്റൊരു പ്രത്യേകതയാണ്. 2 മുതൽ 4 മെഗാപിക്സൽ വരെ റെസല്യൂഷനുള്ള സെൻസറുകളുടെ സഹായത്തോടെ പരിശോധനാ ദൃശ്യങ്ങളിലെ സൂക്ഷ്മമായ വിവരങ്ങൾ വ്യക്തമായി പകർത്താൻ കഴിയും. ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ ടാബ്ലെറ്റിലൂടെയോ ലാപ്ടോപ്പിലൂടെയോ നിയന്ത്രണ യൂണിറ്റിലേക്ക് തത്സമയം കൈമാറുകയും ചെയ്യുന്നു.
വിവിധ വലുപ്പത്തിലുള്ള കൾവെർട്ടുകളിൽ പ്രവർത്തിക്കും
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ ജലപ്രതിരോധ ശേഷിയുള്ളതാണ് റോബോട്ട്. വ്യത്യസ്ത വ്യാസങ്ങളിലുള്ള കൾവെർട്ടുകളിലും പൈപ്പുകളിലും പ്രവർത്തിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള വീലുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. ഇതുവഴി വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങളിൽ കാര്യക്ഷമമായി പരിശോധന നടത്താൻ സാധിക്കും. പരിശോധനയ്ക്കിടെ വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനും കണ്ടെത്തുന്ന തകരാറുകളുടെ ചിത്രങ്ങൾ പകർത്താനും പൈപ്പിനുള്ളിൽ അവ സ്ഥിതിചെയ്യുന്ന കൃത്യമായ സ്ഥാനങ്ങൾ രേഖപ്പെടുത്താനും സംവിധാനത്തിന് കഴിയും.
വിള്ളലുകളും തടസ്സങ്ങളും സ്വയം തിരിച്ചറിയും
കൾവെർട്ടുകൾക്കുള്ളിലെ വിള്ളലുകൾ, രൂപവൈകല്യങ്ങൾ, തടസ്സങ്ങൾ, അടിഞ്ഞുകൂടിയ പാളികൾ, കീറലുകൾ തുടങ്ങിയ തകരാറുകൾ സ്വയമേവ കണ്ടെത്തുന്ന സംയോജിത തകരാർ വിശകലന സോഫ്റ്റ്വെയറും റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യഥാർഥ പരിശോധനാ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്വെയർ, പൈപ്പിനുള്ളിലെ വിവിധ തകരാറുകൾ തിരിച്ചറിയുകയും അവയുടെ വിവരങ്ങൾ വിശകലനം ചെയ്യുകയും ചെയ്യും.
പരിശോധനാ ഡാറ്റയുടെ വിശദമായ വിശകലനം ഉൾക്കൊള്ളുന്ന പ്രൊഫഷണൽ റിപ്പോർട്ടുകൾ തത്സമയം തയ്യാറാക്കാനും ഓൺലൈനായി അവ തിരുത്താനും ഇതിലൂടെ കഴിയും. ഇത് സാങ്കേതികവും പ്രവർത്തനപരവുമായ തീരുമാനങ്ങൾ കൂടുതൽ കൃത്യതയോടെ കൈക്കൊള്ളുന്നതിനുള്ള വിശ്വസനീയമായ വിവരശേഖരം ഒരുക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
അപകടസാധ്യത കുറയ്ക്കും; പ്രതിരോധ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കും
പരിശോധനയ്ക്കായി അടച്ചിട്ട ഇടങ്ങളിലേക്കും ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലേക്കും ജീവനക്കാർ നേരിട്ട് പ്രവേശിക്കേണ്ട സാഹചര്യം കുറയ്ക്കാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും. റോഡ് ആസ്തികളുടെ നിലവിലെ അവസ്ഥ കൂടുതൽ കൃത്യമായി വിലയിരുത്താനും ചെറിയ തകരാറുകൾ ഗുരുതരമാകുന്നതിന് മുമ്പ് പ്രതിരോധ അറ്റകുറ്റപ്പണികൾ നടത്താനും ഇതിലൂടെ സാധിക്കും. റോഡ് മേഖലയിലെ ഗുണനിലവാരമുള്ള പദ്ധതികളും നൂതന സംരംഭങ്ങളും നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ചു. റോഡ് മേഖലയിലെ വികസന പരിപാടിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ നടപടി.
റോഡ് സുരക്ഷയിൽ അന്താരാഷ്ട്ര നിലവാരം ലക്ഷ്യം
ഗതാഗതാപകടങ്ങളിലെ മരണനിരക്ക് ഒരു ലക്ഷം ജനങ്ങളിൽ അഞ്ചിൽ താഴെയായി കുറയ്ക്കുക, അന്താരാഷ്ട്ര റോഡ് വിലയിരുത്തൽ പദ്ധതിയായ ഇന്റർനാഷണൽ റോഡ് അസസ്മെന്റ് പ്രോഗ്രാം (iRAP) നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങളുമായി റോഡ് ശൃംഖലയെ പൊരുത്തപ്പെടുത്തുക, റോഡുകളുടെ സേവനക്ഷമത ഉയർന്ന നിലവാരത്തിൽ നിലനിർത്തുക എന്നിവയാണ് റോഡ് മേഖലയിലെ പ്രധാന ലക്ഷ്യങ്ങളെന്ന് അതോറിറ്റി വ്യക്തമാക്കി. പുതിയ റോബോട്ടിക് പരിശോധനാ സംവിധാനം റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും അറ്റകുറ്റപ്പണികൾ കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: saudi-roads-authority-smart-robot-culvert-inspection