സൗദി കിരീടാവകാശി അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി ജനറൽ ബ്രാഡ് കൂപ്പറുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച പുലർച്ചെ റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണവും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ, സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഫയ്യാദ് ബിൻ ഹാമിദ് അൽ റുവൈലി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

നേരത്തെ ജനറൽ ബ്രാഡ് കൂപ്പർ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകൾ, മേഖലയിൽ സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പാക്കാനുള്ള മാർഗങ്ങൾ, പരസ്പര താൽപര്യമുള്ള വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു.

അതിനിടെ, സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിഭാഗം വിക്ഷേപിച്ച മിസൈൽ സഖ്യസേന ആകാശത്തുവെച്ച് തകർത്തു. മിസൈലിന്റെ അവശിഷ്ടങ്ങൾ താഴെ പതിച്ചതായും നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു. സൗദിയുടെ തെക്കൻ മേഖലയെ ലക്ഷ്യമാക്കി എത്തിയ ക്രൂസ് മിസൈലും സഖ്യസേന തകർത്തു. വ്യാഴാഴ്ച പുലർച്ചെ റിയാദ്, ഖമീസ് മുശൈത്ത്, അബഹ, അസ് സുലയ്യിൽ, വാദി അദ്ദവാസിർ മേഖലകളിൽ സൗദി സിവിൽ ഡിഫൻസ് മുൻകരുതൽ മുന്നറിയിപ്പുകൾ നൽകി.

പ്രാദേശിക സംഘർഷത്തിന്റെ ഭാഗമായി ഇറാന്റെ പിന്തുണയുള്ള ഹൂതി വിഭാഗം കഴിഞ്ഞ വേനൽക്കാലം മുതൽ സൗദി അറേബ്യയെ ലക്ഷ്യമാക്കി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയതിനു പിന്നാലെ ആഗോള ഊർജവിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചിരുന്നു. സൗദിയുടെ എണ്ണ കയറ്റുമതിയെ ബാധിക്കുന്ന രീതിയിൽ ചെങ്കടലിലെ ബാബുൽ മന്ദബ് കടലിടുക്കിലും സമാനമായ നീക്കം നടത്തുമെന്ന് യമനിലെ ഹൂതി വിഭാഗം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

2014-ൽ തലസ്ഥാനമായ സൻആ പിടിച്ചടക്കിയ വിമതരിൽനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തിരിച്ചുപിടിക്കുന്നതിനായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണച്ചാണ് സഖ്യസേന പ്രവർത്തിക്കുന്നത്.