സൗദിയിൽ കായിക ടിക്കറ്റ് വിൽപ്പനയ്ക്ക് കടുത്ത നിയന്ത്രണം; അനധികൃത കച്ചവടത്തിന് വിലക്ക്

റിയാദ്: സൗദി അറേബ്യയിൽ കായിക മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനയും പുനർവിൽപ്പനയും കൂടുതൽ നിയന്ത്രണവിധേയമാക്കാൻ കായിക മന്ത്രാലയം പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. ലൈസൻസില്ലാത്ത പ്ലാറ്റ്ഫോമുകളിലൂടെയുള്ള ടിക്കറ്റ് വ്യാപാരം, മറച്ചുവെച്ച അധിക ചാർജുകൾ, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിലനിർണയ രീതികൾ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ പ്രകാരം വിലക്കേർപ്പെടുത്തി.
മത്സരങ്ങളുടെ സംഘാടകരും മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പ്ലാറ്റ്ഫോമുകളും മുഖേന മാത്രമേ ടിക്കറ്റുകൾ വിൽക്കാനും പുനർവിൽപ്പന നടത്താനും കഴിയൂ. ടിക്കറ്റ് വില, അധിക ഫീസുകൾ, റീഫണ്ട് വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കൾക്ക് വ്യക്തമായി ലഭ്യമാക്കണമെന്നും ചട്ടങ്ങൾ നിർദേശിക്കുന്നു.
ടിക്കറ്റ് വാങ്ങുന്നതിനുള്ള നിശ്ചിത പരിധികൾ മറികടക്കാൻ ഓട്ടോമേറ്റഡ് സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നതും ഒന്നിലധികം അക്കൗണ്ടുകൾ വഴി ടിക്കറ്റുകൾ സ്വന്തമാക്കുന്നതും നിരോധിച്ചിട്ടുണ്ട്. ടിക്കറ്റുകൾ വാങ്ങുന്നവരുടെ തിരിച്ചറിയൽ വിവരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഒരാൾക്ക് വാങ്ങാവുന്ന ടിക്കറ്റുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള വ്യവസ്ഥകളും നടപ്പാക്കും.
ടിക്കറ്റ് വിൽപ്പന നടത്തുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സ്റ്റേഡിയങ്ങളുടെയും മത്സരവേദികളുടെയും പരമാവധി ശേഷി, സൈബർ സുരക്ഷ, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കണം. ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിലും സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഇടപാടുകൾ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ടിക്കറ്റ് സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനും റദ്ദാക്കലുകൾക്കും പണം തിരിച്ചുനൽകുന്നതിനും വ്യക്തമായ നടപടിക്രമങ്ങൾ ഓരോ പ്ലാറ്റ്ഫോമിലും ഉണ്ടായിരിക്കണം.
നവംബർ 15 മുതൽ റിയാദി പ്ലാറ്റ്ഫോം വഴി ടിക്കറ്റ് വിൽപ്പന പ്ലാറ്റ്ഫോമുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള സേവനം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച തീയതി മുതൽ 90 ദിവസത്തിനകം ആവശ്യമായ സാങ്കേതിക, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാനും സമയം അനുവദിച്ചിട്ടുണ്ട്.
കായിക മത്സരങ്ങളിലെ ടിക്കറ്റ് ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അനധികൃത ടിക്കറ്റ് വ്യാപാരം തടയുക, കാണികൾക്ക് മികച്ച അനുഭവം ഒരുക്കുക എന്നിവയാണ് പുതിയ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.