സൗദിയിലെ കര അതിർത്തികൾ വഴി എത്തിയത് 7.07 കോടി യാത്രക്കാർ

റിയാദ്: 2025-ൽ സൗദി അറേബ്യയിലെ കര അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്തേക്ക് പോകുകയും ചെയ്ത യാത്രക്കാരുടെ എണ്ണം 7.07 കോടി കവിഞ്ഞു. 2024-ലെ 6.59 കോടിയെ അപേക്ഷിച്ച് 7.2 ശതമാനമാണ് വർധന. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2025-ലെ റോഡ് ഗതാഗത സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തേക്ക് പ്രവേശിച്ച യാത്രക്കാരുടെ എണ്ണം 3.7 കോടിയിലേറെയാണ്. ആകെ യാത്രക്കാരുടെ 52.3 ശതമാനമാണിത്. രാജ്യത്തുനിന്ന് പുറത്തേക്ക് പോയത് 3.37 കോടിയിലേറെ പേരാണ്. ആകെ യാത്രക്കാരുടെ 47.7 ശതമാനവും ഇവരാണ്. യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും വലിയ പങ്ക് കിങ് ഫഹദ് കോസ്വേ ചെക്ക് പോസ്റ്റിനാണ്. 49.1 ശതമാനം. ഖഫ്ജി അതിർത്തി ചെക്ക്പോസ്റ്റ് 12.2 ശതമാനവുമായി രണ്ടാമതെത്തി. 2025 ജനുവരിയിൽ 74 ലക്ഷത്തിലേറെ പേരാണ് കര അതിർത്തികൾ വഴി യാത്ര ചെയ്തത്. മാർച്ചിൽ ഇത് 46 ലക്ഷത്തോളമായി കുറഞ്ഞു.
2025-ൽ കര അതിർത്തികൾ വഴി രാജ്യത്തേക്ക് എത്തിയതും പുറത്തേക്ക് പോയതുമായ ചരക്കുകളുടെ ആകെ അളവ് 2.68 കോടി ടൺ കവിഞ്ഞു. 2024-നെ അപേക്ഷിച്ച് 4.4 ശതമാനമാണ് വർധന. രാജ്യത്തുനിന്ന് പുറത്തേക്ക് അയച്ച ചരക്കുകളുടെ അളവ് 1.43 കോടി ടണ്ണായി. 6.3 ശതമാനം വർധന. രാജ്യത്തേക്ക് എത്തിയ ചരക്കുകൾ 1.25 കോടി ടണ്ണാണ്. വാർഷികാടിസ്ഥാനത്തിൽ 2.4 ശതമാനം വർധന രേഖപ്പെടുത്തി. ചരക്കുനീക്കത്തിൽ അൽബത്ത ചെക്ക്പോസ്റ്റാണ് മുന്നിൽ. പുറത്തേക്ക് അയച്ച ചരക്കുകളുടെ 27.9 ശതമാനവും ഈ ചെക്ക്പോസ്റ്റ് വഴിയാണ് കടന്നുപോയത്. രാജ്യത്തേക്ക് എത്തിയ ചരക്കുകളിൽ 31.9 ശതമാനവും അൽബത്ത വഴിയായിരുന്നു. പുറത്തേക്ക് അയച്ച ചരക്കുകളിൽ അൽഹദീഥ ചെക്ക്പോസ്റ്റിന്റെ വിഹിതം 23.2 ശതമാനമാണ്. രാജ്യത്തേക്ക് എത്തിയ ചരക്കുകളിൽ റിയാദ് ഡ്രൈ പോർട്ടിനാണ് 26 ശതമാനം വിഹിതം.