സൗദിയിൽ ഒരാഴ്ചയ്ക്കിടെ 14,800 നിയമലംഘകർ പിടിയിൽ; 12,000 പേരെ നാടുകടത്തി

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 14,800 പേരെ ഒരാഴ്ചയ്ക്കിടെ പിടികൂടി. സെപ്റ്റംബർ 3 മുതൽ 9 വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

പിടിയിലായവരിൽ 7,500 പേർ താമസനിയമം ലംഘിച്ചവരും 3,800 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,500 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി ഏകദേശം 18,700 നിയമലംഘകരെ അതത് രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളിലേക്ക് കൈമാറി. 3,500ഓളം പേരുടെ യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനകം 12,000ത്തിലധികം പേരെ നാടുകടത്തുകയും ചെയ്തു. നിലവിൽ രേഖകളില്ലാത്ത 30,000ത്തിലധികം പ്രവാസികൾക്കെതിരെ നിയമനടപടികൾ തുടരുകയാണ്. ഇവരിൽ 1,728 പേർ വനിതകളാണ്.

അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച 1,273 പേരെയും പിടികൂടി. ഇവരിൽ 44 ശതമാനം യെമൻ പൗരന്മാരും 55 ശതമാനം എത്യോപ്യൻ പൗരന്മാരുമാണ്. രാജ്യത്ത് നിന്ന് അനധികൃതമായി പുറത്തേക്ക് കടക്കാൻ ശ്രമിച്ച 25 പേരെയും അറസ്റ്റ് ചെയ്തു.

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്ക് ഗതാഗത സൗകര്യം ഒരുക്കുക, താമസിപ്പിക്കുക, ജോലി നൽകുക, ഒളിപ്പിക്കുക തുടങ്ങിയ സഹായങ്ങൾ നൽകിയ 21 പേരെയും അറസ്റ്റ് ചെയ്തു.

അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് സഹായം നൽകുന്നവർക്കെതിരെ കർശന ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയോ രാജ്യത്തിനകത്ത് കൊണ്ടുപോകുകയോ താമസിപ്പിക്കുകയോ ഏതെങ്കിലും തരത്തിലുള്ള സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും.

കൂടാതെ, ഗതാഗതത്തിനായി ഉപയോഗിച്ച വാഹനങ്ങളും നിയമലംഘകരെ താമസിപ്പിക്കാൻ ഉപയോഗിച്ച കെട്ടിടങ്ങളും കണ്ടുകെട്ടുകയും പ്രതികളെ പരസ്യമായി അപമാനിക്കുന്ന നടപടികൾക്ക് വിധേയരാക്കുകയും ചെയ്യും.

ഇത്തരം കുറ്റകൃത്യങ്ങൾ അറസ്റ്റിന് വിധേയമാകുന്ന ഗുരുതര കുറ്റങ്ങളായും വിശ്വാസ്യതയെയും മാന്യതയെയും ബാധിക്കുന്ന കുറ്റങ്ങളായും കണക്കാക്കപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

Content Highlights: 14,800 people arrested for residency, work, and border security violations in one week., Over 12,000 violators deported back to their home countries., Strict penalties including up to 15 years in prison and 1 million riyals fine for aiding violators., Over 30,000 undocumented expats currently facing legal procedures.