ഒരാഴ്ചയ്ക്കിടെ 10,800 നിയമലംഘകർ അറസ്റ്റിൽ; 12,000 പേരെ നാടുകടത്തി

റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 10,800 പേരെ ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽ അറസ്റ്റ് ചെയ്തു. നവംബർ 12 മുതൽ 18 വരെ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിലാണ് ഇത്രയും പേരെ പിടികൂടിയത്. ഇക്കാലയളവിൽ നിയമലംഘകരായ 12,000 പേരെ നാടുകടത്തുകയും ചെയ്തു.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോർട്ട് പ്രകാരം അറസ്റ്റിലായവരിൽ 5,718 പേർ താമസനിയമ ലംഘകരും 2,797 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 2,268 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.

സൗദിയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,373 പേരെയും പിടികൂടി. അനധികൃതമായി സൗദി വിടാൻ ശ്രമിച്ച 28 പേരും അറസ്റ്റിലായി. നിയമലംഘകരെ കടത്തുന്നതിനും താമസസൗകര്യം ഒരുക്കുന്നതിനും ജോലി നൽകുന്നതിനും ഒളിവിൽ കഴിയാൻ സഹായിക്കുന്നതിനും ഇടപെട്ട 14 പേരെയും കസ്റ്റഡിയിലെടുത്തു.

നിലവിൽ നിയമനടപടികൾ നേരിടുന്നവരുടെ എണ്ണം 41,000 ആണെന്നാണ് കണക്ക്. ഇതിൽ 2,211 പേർ സ്ത്രീകളാണ്. യാത്രാരേഖകൾ ലഭിക്കുന്നതിനായി 23,200-ലധികം പേരെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനായി 10,800 പേരെയും മാറ്റി. 12,000 പേരെയാണ് ഇതിനകം നാടുകടത്തിയത്.

അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് സൗദിയിലേക്ക് ആളുകളെ കടത്തുന്നതിനോ സൗദിക്കകത്ത് യാത്ര ചെയ്യാൻ സഹായിക്കുന്നതിനോ താമസസൗകര്യം ഒരുക്കുന്നതിനോ മറ്റ് സഹായങ്ങൾ നൽകുന്നതിനോ 15 വർഷം വരെ തടവും പത്തുലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസൗകര്യങ്ങളും കണ്ടുകെട്ടുന്നതിനൊപ്പം പ്രതികളെ പരസ്യമായി അപമാനിക്കുന്ന നടപടിയുമുണ്ടാകും.

ഇത്തരം കുറ്റകൃത്യങ്ങൾ അറസ്റ്റ് നിർബന്ധമാക്കുന്ന ഗുരുതര കുറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.