സൗദിയിൽ സുരക്ഷാ നിരീക്ഷണത്തിന് എഐ ഡ്രോണുകൾ; സൈബർ സുരക്ഷാ കേന്ദ്രവും തുറന്നു

#ജാഫറലി പാലക്കോട്

റിയാദ്: സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അത്യാധുനിക കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രവും നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രോൺ സംവിധാനവും സൗദി അറേബ്യയിൽ പ്രവർത്തനമാരംഭിച്ചു. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് റിയാദിൽ നടന്ന ചടങ്ങിൽ പുതിയ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. സൗകര്യ സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനിടെയാണ് സൈബർ സുരക്ഷാ കേന്ദ്രവും ഉദ്ഘാടനം ചെയ്തത്.

സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള സേനാ വിഭാഗങ്ങളിലെ 13 കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുക. ഏഴ് പ്രത്യേക വിഭാഗങ്ങൾ ഉൾപ്പെടുന്ന സംവിധാനത്തിലൂടെ സുരക്ഷാ റിപ്പോർട്ടുകൾ സ്വീകരിക്കാനും ഫീൽഡ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും സാധിക്കും. നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രോണുകൾ സുരക്ഷാ നിരീക്ഷണത്തിനും പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും.

ദേശീയ സുരക്ഷാ ഓപ്പറേഷൻസ് കേന്ദ്രവുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സുരക്ഷാ വിവരങ്ങളും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുക, സൈബർ ആക്രമണങ്ങൾ കണ്ടെത്തി പ്രതിരോധിക്കുക, നെറ്റ്വർക്കുകളിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കുക എന്നിവയാണ് പുതിയ സൈബർ സുരക്ഷാ കേന്ദ്രത്തിന്റെ പ്രധാന ചുമതലകൾ.

ഇതിനുപുറമെ, സൗകര്യ സുരക്ഷാ സേനാംഗങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ ആപ്ലിക്കേഷൻ വഴി പുതിയ ഡിജിറ്റൽ സേവനങ്ങളും മന്ത്രി ആരംഭിച്ചു. മവാരിദ് സംവിധാനത്തെ അബ്ഷർ, നഫാദ് പ്ലാറ്റ്ഫോമുകളുമായി സംയോജിപ്പിക്കുന്നതിലൂടെ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതമായും ലഭ്യമാക്കുകയാണ് ലക്ഷ്യം.

Content Highlights: saudi-arabia-ai-drones-cyber-security-center