ഹൂത്തി മിസൈൽ ആക്രമണം തടഞ്ഞ് സൗദി വ്യോമപ്രതിരോധ സേന

റിയാദ്: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ സൗദി അറേബ്യയുടെ തെക്കൻ മേഖല ലക്ഷ്യമിട്ട് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തതായി അധികൃതർ അറിയിച്ചു. യെമനിൽ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനിടെ, സന അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ ലക്ഷ്യമിട്ട് യെമനിലെ സായുധ സേന ആക്രമണം നടത്തിയതായി അറിയിച്ചു. ഇറാനിൽ നിന്നുള്ള ഒരു വിമാനം ഇറങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടിയെന്നാണ് സേനയുടെ വിശദീകരണം.രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ-അലീമി വ്യക്തമാക്കി.
ഇറാൻ യമനെയും അവിടത്തെ ജനങ്ങളെയും സ്വന്തം പ്രാദേശിക താൽപര്യങ്ങൾക്കായി സംഘർഷത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഏറ്റുമുട്ടലിന്റെ വ്യാപ്തി വർധിപ്പിക്കരുതെന്ന് ബന്ധപ്പെട്ട സേനകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അൽ-അലീമി പറഞ്ഞു. യമന്റെ ഭൂമിയും ജനങ്ങളെയും പ്രാദേശിക രാഷ്ട്രീയ സംഘർഷങ്ങളിൽ ഇറാൻ ഒരു ഉപാധിയായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.