സൗദി അറേബ്യയിലെ റമദാന്‍ നോമ്പ് സമയം മാറുന്നതെങ്ങനെ? വിവരിച്ച് മുന്‍ കാലാവസ്ഥാ വിദഗ്ധന്‍

#ജാഫറലി പാലക്കോട്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ജിദ്ദ: ഈവര്‍ഷത്തെ റമദാന്റെ ആദ്യ ദിവസം, സൗദിയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ നോമ്പ് സമയം അഹദ് അല്‍ മസാരിഹയിലായിരുന്നു. 13 മണിക്കൂര്‍, 4 മിനിറ്റ് സമയമായിരുന്നു ഇവിടുത്തേത്. അതേസമയം, അല്‍ ഖുറയ്യാത്തിലായിരുന്നു ഏറ്റവും കുറഞ്ഞ സമയം. 12 മണിക്കൂര്‍, 54 മിനിറ്റ് സമയമാണ് അല്‍ ഖുറയ്യാത്തില്‍ രേഖപ്പെടുത്തിയത്. 

സൗദി അറേബ്യയിലെ നോമ്പ് സമയം ഓരോ വര്‍ഷവും ക്രമേണ കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നോമ്പ് സമയം ഓരോ വര്‍ഷവും ക്രമേണ കുറയുന്ന പ്രവണത 2032 (ഹിജ്‌റ വര്‍ഷം 1454) വരെ തുടരും. 2032 ഡിസംബര്‍ ഏറ്റവും കുറഞ്ഞ പകല്‍ സമയമുള്ള മാസമായിരിക്കും എന്ന്  ഖസീം സര്‍വകലാശാലയിലെ മുന്‍ കാലാവസ്ഥാ പ്രൊഫസര്‍ ഡോ. അബ്ദുല്ല അല്‍ മിസ്‌നാദ് പറഞ്ഞു.

സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ നേരിട്ട് വരികയും അതിന്റെ ഫലമായി പകലും രാത്രിയും ഏതാണ്ട് തുല്യമായി ദൈര്‍ഘ്യമുണ്ടാകുകയും ചെയ്യും. ഈ മാസത്തിന്റെ മധ്യത്തോടെ, വടക്കന്‍ മേഖലയിലെ അറാറിലായിരിക്കും ഏറ്റവും ദൈര്‍ഘ്യമേറിയ നോമ്പ്. 13 മണിക്കൂര്‍, 19 മിനിറ്റ് സമയമായിരിക്കും ഇവിടുത്തെ നോമ്പിന്റെ ദൈര്‍ഘ്യം. 

അതേസമയം തെക്കന്‍ മേഖലയിലെ സബിയായില്‍ ഏറ്റവും കുറഞ്ഞ നോമ്പ് സമയമായി 12 മണിക്കൂര്‍, 15 മിനിറ്റ് രേഖപ്പെടുത്തും. മാസാവസാനത്തോടെ, തുറൈഫില്‍ ആയിരിക്കും 13 മണിക്കൂര്‍, 5 മിനിട്ടുവരെയുള്ള  ഏറ്റവും ദൈര്‍ഘ്യമേറിയ നോമ്പ് സമയം. അതേസമയം ഫുര്‍സാന്‍ ദ്വീപുകളില്‍ ഏറ്റവും കുറഞ്ഞ നോമ്പ് സമയമായി 12 മണിക്കൂര്‍, 29 മിനിറ്റ് രേഖപ്പെടുത്തുകയും ചെയ്യും. 

Content Highlights: ramadan fasting time