സഫമക്ക കപ്പ്, കുദു - കേളീ ക്രിക്കറ്റ്; ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു

ഗ്ലോബ് വിൻ ലോജിസ്റ്റിക് താരം ഷബീറിന്, അനിൽകുമാർ പുളിക്കേരിൽ മാൻ ഓഫ് ദി മാച്ച് മെമന്റോ നൽകുന്നു
ഗ്ലോബ് വിൻ ലോജിസ്റ്റിക് താരം ഷബീറിന്, അനിൽകുമാർ പുളിക്കേരിൽ മാൻ ഓഫ് ദി മാച്ച് മെമന്റോ നൽകുന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഫാ മക്കാ കപ്പ് കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിൽ ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു. ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്കൊടുവിൽ എട്ട് ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്.
പ്രീ ക്വാർട്ടറിലെ അവസാന മത്സരങ്ങളിൽ സ്രാക്കോ സ്ട്രൈക്കേഴ്സ് 82 റൺസിന് സ്മാഷസ് സിസിയെ പരാജയപ്പെടുത്തി. സാദിക്കാണ് മാൻ ഓഫ് ദി മാച്ച്. മറ്റൊരു മത്സരത്തിൽ ഗ്ലോബ് വിൻ ലോജിസ്റ്റിക്സ് 132 റൺസിന് ഫ്രൈഡേ ഫൈറ്റേഴ്സിനെ തോൽപ്പിച്ചു.

മത്സരത്തിലെ ശ്രദ്ധേയ പ്രകടനവുമായി ഗ്ലോബ് വിൻ ലോജിസ്റ്റിക്സ് താരം ഷബീർ ടൂർണമെന്റിലെ രണ്ടാമത്തെ സെഞ്ച്വറി സ്വന്തമാക്കി. വെറും 36 പന്തിൽ 112 റൺസാണ് ഷബീർ അടിച്ചുകൂട്ടിയത്. തകർപ്പൻ ബാറ്റിങ് പ്രകടനത്തിന് ഷബീർ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രീ ക്വാർട്ടർ മത്സരങ്ങളിലെ വിജയികളായ ഗ്ലോബ് വിൻ ലോജിസ്റ്റിക്സ്, ഗോൾഡൻ മില്ലർ, സാറ്റ്കോം ട്രാവൻകൂർ, സ്രാക്കോ സ്ട്രൈക്കേഴ്സ്, രത്നഗിരി റോയൽസ്, എഫ്സിആർ ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സ്മാഷസ് സിസി, ഈഗിൾ സ്ട്രൈക്കേഴ്സ് ടീമുകളും ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഇതോടെ ടൂർണമെന്റിലെ കിരീടപ്പോരാട്ടം കൂടുതൽ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്.

ടൂർണമെന്റിലെ പന്ത്രണ്ടാമത് വാരത്തിലെ മത്സരമായിരുന്നു പ്രീ ക്വാർട്ടറിലെ അവസാന പോരാട്ടം. ചാക്കോ, നവാസ്, റിജേഷ്, ഫായിസ് എന്നിവർ അമ്പയർമാരായി മത്സരങ്ങൾ നിയന്ത്രിച്ചു.

മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ അനിൽകുമാർ പുളിക്കേരിൽ, ദിൽഷ മലാസ് എന്നിവർ സമ്മാനിച്ചു.