ജിദ്ദയിൽ ഒഐസിസി രക്തദാന ക്യാമ്പ്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ജിദ്ദ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഒഐസിസി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി, ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. “രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കുക, രാജ്യത്തെ സേവിക്കുക” എന്ന സന്ദേശമുയർത്തിയായിരുന്നു ക്യാമ്പ്.ഒരു വ്യക്തിയുടെ ചെറിയൊരു സന്നദ്ധത മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്ന മഹത്തായ സന്ദേശമാണ് ക്യാമ്പിലൂടെ ഉയർത്തിപ്പിടിച്ചത്. മാനവികതയും സാമൂഹിക പ്രതിബദ്ധതയും സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് ക്യാമ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

രക്തദാനം സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടിയാണെന്നും, ഭാവിയിലും സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന വിവിധ പ്രവർത്തനങ്ങൾ തുടരുമെന്നും ഒഐസിസി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, ജനറൽ സെക്രട്ടറി ആസാദ് പോരൂർ, വൈസ് പ്രസിഡന്റ് സഹീർ മാഞ്ഞാലി, അലി തേക്കുതോട്, അബ്ദുൽ നാസർ കോഴിത്തൊടി, അബ്ദുൽ നാസർ വയനാട്, ഷനുജ് വാഴക്കാട്, നവാസ് ബീമാപള്ളി, അഷ്റഫ് കോഴിക്കോട്, ബഷീർ പരുത്തിക്കുന്നൻ, എം.ടി. ഗഫൂർ, അഫ്സൽ എൻ, റെമി ഹരീഷ്, ആശ ലിസ മനോജ്, മിനി ജോൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Content Highlights: As part of India's 80th Independence Day celebrations, the OICC Saudi Western Regional Committee partnered with King Abdulaziz University Hospital to organize a voluntary blood donation camp in Jeddah.