കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേയുള്ള ഹാജിമാര്‍ മക്കയില്‍ എത്തി

ജിദ്ദ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേയുള്ള ഹാജിമാരുടെ പ്രഥമ സംഘം ജിദ്ദ വിമാനത്താവളം വഴി മക്കയില്‍ എത്തി. സൗദി സമയം ശനിയാഴ്ച രാവിലെ 4:22 ന് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിലാണ് ഹാജിമാരെയും വഹിച്ചുള്ള വിമാനം എത്തിയത്. പ്രതീക്ഷിച്ചതിലും അല്പം മുന്‍പ് തന്നെ ഹാജിമാരെയും വഹിച്ചുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ജിദ്ദയില്‍ ഇറങ്ങി. വിമാനത്തില്‍ 77 പുരുഷന്മാരും 95 സ്ത്രീകളും ഉള്‍പ്പെടെ 172 തീര്‍ഥാടകരാണ് എത്തിയത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് സൂര്യയുടെയും മറ്റ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും സൗദി ഹജ്ജ് മന്ത്രാലയ മേധാവികളും ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഹാജിമാരുടെ സഹായത്തിന് ഹജ്ജ് ടെര്‍മിനലില്‍ ജിദ്ദ കെഎംസിസി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.
ജിദ്ദയില്‍ വിമാനമിറങ്ങിയ ഹാജിമാര്‍ സൗദി സര്‍ക്കാരിന്റെ കീഴിലുള്ള ഹജ്ജ് സേവകരായ മുതവഫുമാര്‍ ഒരുക്കിയ ബസ്സുകളില്‍ മക്കയിലേക്ക് പോയി.
പാനീയങ്ങളും പഴങ്ങളും ഈത്തപ്പഴവും അടങ്ങിയ കിറ്റ് വിമാനത്താവളത്തില്‍ ഹാജിമാര്‍ക്കായി കെഎംസിസി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. വിമാനമിറങ്ങിയ ഹാജിമാര്‍ക്ക് മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ സാമീപ്യം വലിയ ആശ്വാസമാണ് നല്‍കിയത്. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ ഭാരവാഹികളും വനിതകള്‍ ഉള്‍പ്പെടെയുള്ള നിരവധി കെഎംസിസി വളണ്ടിയര്‍മാരും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, വി.പി മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
ജിദ്ദ വിമാനത്താവളത്തില്‍ നിന്നും സൗദി സമയം രാവിലെ 7.30 ഓടെ ഹാജിമാര്‍ മക്കയുടെ അസീസിയയിലുള്ള തങ്ങളുടെ താമസസ്ഥലത്തെത്തി. അസീസിയയിലും ഹാജിമാര്‍ക്ക് ഊഷ്മള സ്വീകാരണമാണ് ലഭിച്ചത്.
ശനിയാഴ്ച കരിപ്പൂരില്‍നിന്നുള്ള രണ്ടാമത്തെ വിമാനം വൈകീട്ട് 4.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് സൗദി സമയം രാത്രി എട്ടിന് ജിദ്ദയിലെത്തും. 87 പുരുഷന്മാരും 86 സ്ത്രീകളുമുള്‍പ്പെടെ 173 തീര്‍ഥാടകരാണ് ഇതില്‍ യാത്ര ചെയ്യുന്നത്.
Content Highlights: Kerala Hajj Pilgrims Arrived in Mecca