അതിദാരിദ്ര്യനിര്‍മാര്‍ജനം; കേരള സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് പ്രവാസലോകത്ത് മധുര വിതരണം

റിയാദ്: തീവ്ര പ്രയത്‌നത്തിലൂടെ നാലര വര്‍ഷംകൊണ്ട് കേരളത്തിലെ അതിതീവ്ര ദാരിദ്ര്യം തുടച്ചു നീക്കിയ കേരള സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി മധുര വിതരണം നടത്തി. ബത്ത, ന്യൂ സനയ്യ, ദവാദ്മി എന്നീ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവാസികള്‍ തിങ്ങിനിറഞ്ഞ റിയാദ് നഗരത്തിലും വ്യവസായ മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും കേരള പിറവിയുടെ 69-ാം വാര്‍ഷികവും സര്‍ക്കാരിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജന പ്രഖ്യാപനവും ചേര്‍ത്ത് കേളി ആഘോഷമാക്കി.
വിതരണത്തോടനുബന്ധിച്ച് ബത്തയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ രക്ഷാധികാരി സെക്രട്ടറി മോഹന്‍ദാസ് ചേര്‍ത്തല അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ. പി. എം. സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു.
''സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെ ചേര്‍ത്തുനിര്‍ത്തുക എന്നതാണ് ഏതൊരു സര്‍ക്കാരിന്റെയും മുഖ്യ ലക്ഷ്യം. അതിനായി 2021-ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന് ലോകം മുഴുവന്‍ കയ്യടിക്കുന്നത് പ്രവാസലോകത്ത് നിന്നും കാണാന്‍ കഴിഞ്ഞത് അഭിമാനകരമാണ്.'-സാദിഖ് വ്യക്തമാക്കി.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യില്‍, പ്രഭാകരന്‍ കണ്ടോന്താര്‍, കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബത്ത ഏരിയ കമ്മിറ്റി അംഗങ്ങളായ സുധീഷ് തരോള്‍ സ്വാഗതവും ഹുസൈന്‍ പി. എ. നന്ദിയും രേഖപ്പെടുത്തി. ന്യൂ സനയ്യയിലെ വിതരണത്തിന് ഏരിയ സെക്രട്ടറി തോമസ് ജോയ്, ബത്തയില്‍ ആക്ടിംഗ് സെക്രട്ടറി സുധീഷ് തരോള്‍, ദവാദ്മിയില്‍ ഏരിയ സെക്രട്ടറി ഉമ്മര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: kerala declares itself extreme poverty free