റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; തിരിച്ചടി കണ്ടറിയാമെന്ന് ട്രംപ്

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലുള്ള യുഎസ് എംബസിക്കുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രണ്ട് ഡ്രോണുകൾ എംബസിയിൽ പതിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കെട്ടിടത്തിൽ പരിമിതമായ തീപിടുത്തത്തിനും ചെറിയരീതിയിലുള്ള നാശനഷ്ടത്തിനും ഇത് കാരണമായെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലുള്ള പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷിത ഇടങ്ങളിൽ തുടരാനും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിയാദിലെ ആക്രമണത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. എന്ത് തിരിച്ചടിയുണ്ടാകുമെന്ന് വൈകാതെ കാണാമെന്ന് ട്രംപ് ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഇതിനിടെ എംബസിക്കുനേരെയുണ്ടായ ആക്രമണത്തെ കൂടാതെ റിയാദിൽ പുതിയ സ്‌ഫോടന ശബ്ദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണം നാലാംദിനവും തുടരുകയാണ്. ആക്രമണം പ്രതിരോധിക്കുന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ ദുബായ്ക്ക് സമീപം ഓസ്ട്രേലിയൻ സേന ഉപയോഗിക്കുന്ന ഒരു വ്യോമത്താവളത്തിൽ വാരാന്ത്യത്തിൽ ഡ്രോൺ ആക്രമണം നടന്നതായി ഓസ്ട്രേലിയയുടെ പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒരു ഓസ്ട്രേലിയക്കാരനും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച പുലർച്ചെ ബഹ്റൈനിൽ സൈറൺ മുഴങ്ങിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങളോട് അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറാനും ബഹ്‌റൈൻ അധികൃതർ നിർദേശിച്ചു. ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിന് നേരെ കനത്ത ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.

സംഘർഷം ആരംഭിച്ചതുമുതൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും പ്രതിരോധിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ കുവൈത്ത് സൈന്യത്തിലെ 27 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവർ സുഖം പ്രാപിച്ചു വരികയാണെന്നും ചികിത്സയിലാണെന്നും കുവൈത്ത് വാർത്താ ഏജൻസി വ്യക്തമാക്കി. കൂട്ടിച്ചേർത്തു. കുവൈത്തിലെ അമേരിക്കൻ സൈനികർക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു.

Content Highlights: Iran conducted a drone attack on the US Embassy in Riyadh, Saudi Arabia