ഹജ്ജ് സീസണ് തുടക്കമായി, ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തിത്തുടങ്ങി

മദീന: വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുവാനുള്ള ലക്ഷ്യവുമായി ലോകത്തിന്റെ വിവിധ ദിക്കില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ സൗദിയിലെ പുണ്യഭൂമിയില്‍ എത്തിതുടങ്ങി. ആദ്യ ഹജ്ജ് വിമാനം പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീന നഗരത്തിലെ വിമാനത്താവളത്തിലാണ് എത്തിയത്. മദീനയില്‍ ആദ്യ ദിവസം ഇറങ്ങിയ ഹജ്ജ് തീര്‍ത്ഥാടകരില്‍ ഇന്ത്യന്‍ ഹാജിമാരും ഉള്‍പ്പെടുന്നു.
റോസ പൂക്കള്‍, ഈന്തപ്പഴം, മധുരപാനീയം, സംസം വെള്ളം എന്നിവ നല്‍കിയാണ് മദീന വിമാനത്താവളത്തില്‍ ഇന്ത്യന്‍ ഹാജിമാരെ സ്വീകരിച്ചത്. ഹൈദരാബാദില്‍ നിന്നുള്ള 262 തീര്‍ഥാടകരാണ് മദീനയിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് വിമാനത്തില്‍ ഉള്ളത്. ലക്‌നൗവില്‍നിന്നുള്ള 288 ഹാജിമാരും എത്തി. ഷെഡ്യൂള്‍ അനുസരിച്ച് മൂന്ന് വിമാനത്തിലായി 1020 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് ചൊവ്വാഴ്ച മദീനയില്‍ എത്തുന്നത്. സൗദി മന്ത്രിതല സംഘവും ഇന്ത്യന്‍ ഹജ്ജ് മിഷനും തീര്‍ഥാടകരെ സ്വീകരിച്ചു. ഇന്ത്യന്‍ ഹജ്ജ് മിഷനെ പ്രതിനിധീകരിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ സുഹൈല്‍ ഇജാസ്ഖാന്‍, ജിദ്ദ ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, മറ്റ് ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം വിവിധ മലയാളി സന്നദ്ധ പ്രവര്‍ത്തകരുമാണ് ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഉണ്ടായത്. ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമെന്ന് സുഹൈല്‍ ഇജാസ്ഖാന്‍ പറഞ്ഞു.
ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരെയും വഹിച്ചുള്ള വിമാനങ്ങള്‍ പുണ്യഭൂമിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചു. പുണ്യ ഹജ്ജ് കാലത്തു മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും എത്തുന്ന ലക്ഷക്കണക്കിന് ഹാജിമാര്‍ക്ക് തടസ്സമില്ലാത്ത സേവനത്തിനുള്ള ഒരുക്കങ്ങള്‍ സജ്ജമാണ്.
ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതാത് രാജ്യത്തെ ഹജ്ജ് ക്യാമ്പില്‍ നിന്ന് ആവശ്യമായ വാക്‌സിനേഷന്‍ എടുക്കുകയും മഞ്ഞ കാര്‍ഡ് നേടുകയും ചെയ്യേണ്ടത് തീര്‍ഥാടകര്‍ക്ക് നിര്‍ബന്ധമാണെന്ന് ഹജ്ജ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. സാധുവായ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ അവരുടെ കോവിഡ്-19 വാക്‌സിനേഷന്‍ കാര്‍ഡ് കൈവശം വെക്കണം.
വ്യാജ പെര്‍മിറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സാധുതയുള്ളതും ആധികാരികവുമായ ഹജ്ജ് പെര്‍മിറ്റ് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാവൂ എന്നും മതകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Content Highlights: Hajj: Indian Pilgrims Arrive in Medina