ഹജ്ജിന്റെ ഏറ്റവും പ്രധാനചടങ്ങായ അറഫസംഗമം നാളെ,ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഹാജിമാര്‍ സംഗമിക്കും

#ജാഫറലി പാലക്കോട്
വ്യാഴാഴ്ച ഹാജിമാര്‍ എത്തുന്ന അറഫ
വ്യാഴാഴ്ച ഹാജിമാര്‍ എത്തുന്ന അറഫ

മക്ക: ഹജ്ജിന്റെ ആദ്യ ദിനമായ ബുധനാഴ്ച മിനയില്‍ പ്രാര്‍ഥനയും വിശുദ്ധ ഖുര്‍ആന്‍ പരായണവുമായി ആര്‍ജിച്ച വിശ്വാസത്തിന്റെ കരുത്തുമായി ഹാജിമാര്‍ വ്യാഴാഴ്ച അറഫയില്‍ സംഗമിക്കും. മിനയില്‍നിന്നും ഏതാണ്ട് 14 കിലോമീറ്റര്‍ അകലെയാണ് അറഫ. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങുനടക്കുന്ന സ്ഥലമാണ് അറഫ. നമിറയില്‍ വെച്ചു പ്രവാചകന്‍ മുഹമ്മദ് നബി ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്കു മുൻപ് നടത്തിയ വിടവാങ്ങല്‍ പ്രഭാഷണം പ്രസിദ്ധമാണ്. ആ ഭാഗത്താണ് ഇന്ന് മസ്ജിദ് നമിറ സ്ഥിതിചെയ്യുന്നത്.

വ്യാഴാഴ്ച ഉച്ചക്കു നമിറ പള്ളിയില്‍ നടക്കുന്ന വാര്‍ഷിക പ്രഭാഷണം ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് നിര്‍വഹിക്കും. ഉച്ചക്കും വൈകുന്നേരത്തുമുള്ള നമസ്‌കാരങ്ങള്‍ ചുരുക്കി ഒന്നിച്ചു നിര്‍വഹിച്ച് സന്ധ്യ മയങ്ങുംവരെ ഹാജിമാര്‍ അറഫയില്‍ കഴിയും. സൂര്യാസ്തമയത്തോടെ ഏതാണ്ട് എട്ട് കിലോമീറ്റര്‍ അകലെയുള്ള മുസ്ദലിഫയില്‍ പോയി രാപ്പാര്‍ക്കും. മുസ്ദലിഫയിലേക്കുള്ള വഴിമധ്യേയോ മുസ്ദലിഫയില്‍ എത്തിയ ശേഷമോ രാത്രിയിലെ ഇശാ നിസ്‌കാരം നിര്‍വഹിക്കും. മുസ്ദലിഫയിലെ തുറസ്സായ സ്ഥലത്തു വിശ്രമിച്ച് വെള്ളിയാഴ്ച മുതല്‍ മിനായില്‍ തുടര്‍ച്ചയായ മൂന്നോ നാലോ ദിവസം പിശാചിന്റെ പ്രതീകത്തിനു നേരെ എറിയുവാനുള്ള ചെറുകല്ലുകള്‍ ശേഖരിച്ചുവെന്നു ഉറപ്പുവരുത്തും. 

ഹജ്ജിന്റെ മൂന്നാം ദിവസവും ബലി പെരുന്നാള്‍ ദിനവുമായ ദുല്‍ഹജ്ജ് പത്താം തീയതി വെള്ളിയാഴ്ച രാവിലെ മുതല്‍ വീണ്ടും മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ പിശാചിന്റെ മൂന്നു പ്രതീകങ്ങളില്‍ ഒരു പ്രതീകത്തിനു നേരെ ആദ്യ ദിവസത്തെ കല്ലേറ് കര്‍മ്മം നടത്തും. അതിനുശേഷം ഹാജിമാര്‍ മക്കയിലേക്ക് പോയി മസ്ജിദുല്‍ ഹറമില്‍ ത്വവാഫ് അല്‍-വിദ (വിടവാങ്ങല്‍ പ്രദക്ഷിണം) നിര്‍വഹിക്കും. തലമുണ്ഡനം നടത്തുന്ന ഹാജിമാര്‍ ബലി കര്‍മ്മവും നടത്തും. വെള്ളിയാഴ്ച മക്കയില്‍ നിന്നും മിനയില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ അടുത്ത ദിവസങ്ങളിലെ ചടങ്ങുകള്‍ കഴിയും വരെ മിനായില്‍ തുടരും.

Content Highlights: Hajj pilgrimage: the schedule and significance.