അടുത്ത ആഴ്ച വരെ പൊടിക്കാറ്റ് ഉണ്ടായേക്കും; കരുതൽ വേണം

ജിദ്ദ: തിങ്കളാഴ്ച മുതൽ അടുത്ത ആഴ്ച ആരംഭം വരെ സൗദി അറേബ്യയുടെ പല പ്രദേശങ്ങളിലും പൊടിക്കാറ്റ് തുടരുവാനുള്ള സാധ്യതാ മുന്നറിയിപ്പുമായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ സി എം). കിഴക്കൻ പ്രവിശ്യ, മക്കയുടെ കിഴക്കൻ ഭാഗങ്ങൾ, മദീന, അസീർ, നജ്‌റാൻ മേഖല, ജിദ്ദയിൽ നിന്ന് ജസാൻ വരെയുള്ള തീരദേശ റോഡ് എന്നിവിടങ്ങളിൽ കാറ്റ് സജീവമാകാനുള്ള സാധ്യതയാണ് എൻ സി എം കാലാവസ്ഥാ റിപ്പോർട്ടിൽ അറിയിച്ചിട്ടുള്ളത്.
അതോടൊപ്പം റിയാദ് മേഖലയുടെ ചില ഭാഗങ്ങളിലും പൊടിക്കാറ്റ് ഉണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിയാദിൽ സജീവമായ കാറ്റും 3 മുതൽ 5 കിലോമീറ്റർ കാഴ്ചക്കുറവും അനിഭവപ്പെടും. അൽ-സുലയിൽ, വാദി അൽ-ദവാസിർ ഗവർണറേറ്റുകളിൽ പുലർച്ചെ 1 മുതൽ വൈകുന്നേരം 5 വരെയും അൽ-അഫ്‌ലാജ് ഗവർണറേറ്റുകളിൽ പുലർച്ചെ 3 മുതൽ വൈകുന്നേരം 5 വരെയും പൊടിക്കാറ്റ് ബാധിക്കും.
അതേസമയം, തലസ്ഥാന നഗരമായ റിയാദിലും, ദിരിയ, അൽ-ഖർജ്, അൽ-ഹാരിഖ്, അൽ-ദലം, അൽ-മുസാഹ്മിയ, ഹോത്ത ബാനി തമീം എന്നീ ഗവർണറേറ്റുകളിലും രാവിലെ 5 മുതൽ വൈകുന്നേരം 5 വരെ പൊടിക്കാറ്റ് വീശും. അൽ-ദവാദ്മി, അൽ-റയാൻ, അൽ-ഖുവായിയ, അഫീഫ് എന്നീ ഗവർണറേറ്റുകളിലും രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ പൊടിക്കാറ്റ് വീശും. വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, ഹായിൽ, അൽ-ഖസീം, റിയാദ് മേഖലകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാറ്റിന്റെ ശക്തി വർദ്ധിക്കുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
കിഴക്കൻ പ്രവിശ്യയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കഠിമായ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്, ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlights: Dust storms likely until next week