സൗദിയിൽ ചൂട് കൂടുന്നു; അൽ അഹ്സയിൽ താപനില 50 ഡിഗ്രി സെൽഷ്യസ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ചൊവ്വാഴ്ച രേഖപ്പെടുത്തി. കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ താപനില 50 ഡിഗ്രി സെൽഷ്യസിലെത്തി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രാജ്യത്ത് അതിശക്തമായ ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.
മേയ് 29-ന് അൽ-അഹ്സയിൽ രേഖപ്പെടുത്തിയ 49.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഉയർന്ന താപനില. അതിനെ മറികടന്നാണ് കഴിഞ്ഞ ദിവസം 50 ഡിഗ്രി രേഖപ്പെടുത്തിയത്.
കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ദഹ്റാൻ, അൽഖോബാർ, ജുബൈൽ, ഖത്തീഫ്, റാസ് തനൂറ, ഹഫർ അൽ-ബാതിൻ, അൽ-ഖഫ്ജി, അൽ-നൈരിയ, ഖരിയത്ത് അൽ-ഉല്യ, ബുഖൈഖ്, അൽ-അഹ്സ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി 49 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വൈകിട്ട് 5 മണിവരെ അതിശക്തമായ ചൂട് തുടരുമെന്നും പൊടിക്കാറ്റ് ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ഹൈവേകളിലും തുറസായ പ്രദേശങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ജൂൺ മാസത്തിൽ പുറത്തിറക്കിയ കാലാവസ്ഥാ പ്രവചന റിപ്പോർട്ടിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്നും, പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യയിൽ മഴ സാധാരണയേക്കാൾ കുറവായിരിക്കുമെന്നും എൻ.സി.എം വ്യക്തമാക്കിയിരുന്നു.
വർധിച്ചു വരുന്ന ചൂട് തങ്ങളുടെ നിത്യജീവിതത്തിലും മാറ്റങ്ങൾ വരുത്തുന്നതായി അൽ അഹ്സ സ്വദേശികൾ പറയുന്നു. സൺസ്ക്രീൻ, തൊപ്പി, കുട, സൺ ഗ്ലാസ് എന്നിവയുടെ ഉപയോഗിച്ച് പുറത്തിറങ്ങിയും പാർക്കിങ് സൗകര്യങ്ങൾ മുൻകൂട്ടി കണ്ടെത്തി യാത്രകൾ നടത്തിയും കടുത്ത ചൂടിനെ പ്രദേശവാസികൾ പ്രതിരോധിക്കുകയാണ്

കടുത്ത ചൂട് കാരണം എയർകണ്ടീഷൻ ചെയ്ത ഇൻഡോർ കോർട്ടുകൾ, മാളുകൾ, കഫേ, സിനിമ തിയേറ്റർ, ബോർഡ് ഗെയിം കഫേ എന്നിവിടങ്ങളിൽ തിരക്കേറി.