ലോക പുകയില വിരുദ്ധ ദിനത്തിൽ ബോധവത്കരണ ചർച്ച സംഘടിപ്പിച്ച് ഖത്തറിലെ ആന്റി സ്മോക്കിംഗ് സൊസൈറ്റി

ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തിൽ പ്രവർത്തിക്കുന്ന ആന്റി സ്മോക്കിംഗ് സൊസൈറ്റി ലോക പുകയില വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച പ്രചാരണ റാലിയും ബോധവത്കരണ ചർച്ചയും ശ്രദ്ധേയമായി. മീഡിയാപ്ലസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രചാരണ റാലിയും കൂട്ടായ ചർച്ചയും പുകയില ഉപയോഗത്തിനെതിരായ ശക്തമായ സാമൂഹിക ഇടപെടലിന്റെ ആവശ്യകത ഓർമ്മിപ്പിച്ചു.
പ്രശസ്ത സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും സംരംഭകനുമായ മുഹമ്മദ് നൗഷാദ് അബു പരിപാടി ഉദ്ഘാടനം ചെയ്തു. പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനിൽപിനെയും പ്രതികൂലമായി ബാധിക്കുന്ന വലിയ സാമൂഹിക വിപത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുകവലി പൂർണമായും ഇല്ലാതാക്കാൻ സമൂഹം കൂട്ടായും ഏകോപിതമായും പ്രവർത്തിക്കേണ്ടതുണ്ടെന്നും പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതശൈലി കൈമാറാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പ്രമുഖ നഴ്സിംഗ് സംഘടനയായ യുണീഖ് ജനറൽ സെക്രട്ടറി നിസാർ ചെറുവത്ത്യും ഫിൻഖ് മാനേജിങ് കമ്മിറ്റി അംഗവും നഴ്സിംഗ് എജുക്കേഷൻ ആക്ടിംഗ് ഡയറക്ടറുമായ ഷൈനി സന്തോഷും മുഖ്യപ്രഭാഷണങ്ങൾ നടത്തി. ലോക പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കണമെന്നും പുകയില ഉപയോഗം പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായതിനാൽ പുകയില രഹിത സമൂഹം സൃഷ്ടിക്കാൻ കൈകോർക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പ് പുകവലിയുടെ സൗന്ദര്യപരവും ആരോഗ്യപരവുമായ ദോഷഫലങ്ങളെ കുറിച്ച് വിശദീകരിച്ചു. പുകവലി ശരീരത്തിന്റെ ആഭ്യന്തര ആരോഗ്യത്തെ മാത്രമല്ല, ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും ദന്താരോഗ്യവും പ്രതികൂലമായി ബാധിക്കുന്നുവെന്നും പ്രായാധിക്യം വേഗത്തിലാക്കുന്നുവെന്നും അവർ പറഞ്ഞു. ജെബി കെ. ജോൺ പുകവലിയുടെ സാമൂഹിക ദോഷങ്ങളെക്കുറിച്ച് സംസാരിച്ചു. കുടുംബബന്ധങ്ങൾ, വ്യക്തിജീവിതം, സാമൂഹിക ഐക്യം എന്നിവയെ പുകവലി എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശസ്ത ചിത്രകലാധ്യാപികയും ജി.ആർ.സി.സി പ്രസിഡന്റുമായ റോഷ്നി കൃഷ്ണനും പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. ഭാവി തലമുറയെ പുകയിലയുടെ പിടിയിൽനിന്ന് സംരക്ഷിക്കാൻ അടിയന്തര ഇടപെടലുകൾ അനിവാര്യമാണെന്ന് അവർ പറഞ്ഞു. നാല് മിനുറ്റ് നേരത്തെ ലൈവ് പെയിന്റിംഗിലൂടെ ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ ലോഗോ മനോഹരമായി വരച്ച് അവർ സദസ്സിനെ വിസ്മയിപ്പിച്ചു
ദി വേ കോർപ്പറേറ്റ് സർവീസസ് സിഇഒ ഉവൈസ് ഉസ്മാൻ പുകവലി വ്യക്തിജീവിതത്തെയും സമൂഹത്തെയും തകർക്കുന്ന വലിയ ദുരന്തമാണെന്ന് വിശേഷിപ്പിക്കുകയും അതിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. വേൾഡ് ഫ്രൂട്ട് സെന്ററിന്റെ കൊമേഴ്സ്യൽ മാനേജർ നിഷാദ് കുന്നത്ത് കൊടക്കാട്ട് നടൻ കമൽഹാസന്റെ ജീവിതാനുഭവങ്ങളെ ഉദാഹരിച്ച് പുകവലി ഉപേക്ഷിക്കുന്നത് ജീവിതത്തിന്റെ ആകർഷണവും ഉന്മേഷവും നിലനിർത്താൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ആസ്ത സോൾ സൈക്കോളജിസ്റ്റ് ആയിഷ സൈബൂൽ പുകവലിയുടെ മാനസിക-മനശ്ശാസ്ത്രപരമായ വശങ്ങളെക്കുറിച്ച് സംസാരിച്ചു. പുകവലി ഉപേക്ഷിക്കാൻ കൗൺസിലിംഗ്, മാനസിക പിന്തുണ, സ്ഥിരമായ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയുടെ പ്രാധാന്യം അവർ വിശദീകരിച്ചു.
സാമൂഹിക പ്രവർത്തകനായ സിദ്ദിഖ് ചെറുവള്ളൂർ യുവതലമുറയെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ബോധവത്കരണ കാമ്പയിനുകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. സിപ്രോടെക്കിലെ അനൂജ് ജോസ് പുകവലിയുൾപ്പെടെയുള്ള എല്ലാ സാമൂഹിക ദുഷ്പ്രവണതകൾക്കുമെതിരെ സമൂഹം ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ഷാം ദോഹയും പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് സംസാരിച്ച് ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ആവശ്യകത വിശദീകരിച്ചു.
സമാപന പ്രസംഗത്തിൽ ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ സ്ഥാപകനും സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു. ആരോഗ്യകരമായ സമൂഹ നിർമാണത്തിനും പുകവലി രഹിത സമൂഹ സൃഷ്ടിക്കുമായി നടത്തുന്ന ഈ മാനവിക ദൗത്യത്തിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ആവശ്യമാണ് എന്ന് അദ്ദേഹം അഭ്യർഥിച്ചു. മുഹമ്മദ് റഫീഖ് തങ്കയത്തിലും സൈനുൽ ആബിദും പരിപാടികൾക്ക് നേതൃത്വം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പുകയില രഹിത സമൂഹം സൃഷ്ടിക്കാനുള്ള പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.