അഭിനയത്തികവുകൊണ്ടും സ്വഭാവമഹിമകൊണ്ടും വിസ്മയിപ്പിച്ച കലാകാരനായിരുന്നു പ്രേം നസീർ - തുളസീദാസ്

ദോഹ: അഭിനയത്തികവുകൊണ്ടും വ്യക്തിത്വത്തിന്റെ മഹിമകൊണ്ടും സിനിമാപ്രേമികളെ വിസ്മയിപ്പിച്ച മഹാനടനായിരുന്നു പ്രേം നസീറെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ തുളസീദാസ്. പ്രേം നസീർ സുഹൃത് സമിതി ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച പ്രേം നസീർ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാപ്രവർത്തകരെയും ആസ്വാദകരെയും ഒരുപോലെ പരിഗണിക്കുകയും എല്ലാവരെയും സ്നേഹത്തോടെ ചേർത്തുനിർത്തുകയും ചെയ്ത പ്രേം നസീറിന്റെ ജീവിതം പ്രചോദനാത്മകവും അനുകരണീയവുമായിരുന്നു. വ്യക്തിബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും സഹജീവികളോടുള്ള കരുതലും എക്കാലവും മാതൃകയാക്കാവുന്നതാണെന്നും തുളസീദാസ് പറഞ്ഞു.
സഹസംവിധായകനായി താൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത് പ്രേം നസീർ അഭിനയിച്ച സിനിമയിലൂടെയായിരുന്നു. സിനിമാജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വിലപ്പെട്ട അനുഭവമായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച് സിനിമയെയും ജീവിതത്തെയും ഒരുപോലെ ആഘോഷമാക്കിയ കലാകാരനായിരുന്നു പ്രേം നസീറെന്നും അദ്ദേഹം അനുസ്മരിച്ചു.
മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ഖത്തർ ബിസിനസ് ഫോറം (കെ.ബി.എഫ്.) പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
പ്രേം നസീറിന്റെ അഭിനയമികവും വ്യക്തിജീവിതത്തിലെ മഹത്തായ മൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഓർമകൾ പ്രവാസലോകത്ത് സജീവമായി നിലനിർത്തുന്നതിനും അനുസ്മരണച്ചടങ്ങ് വേദിയായി.
Content Highlights: qatar news