ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റിപ്പബ്ലിക് ദിന പരിപാടി സംഘടിപ്പിച്ചു

ദോഹ: 'ജനാധിപത്യ ഇന്ത്യ: ഭരണഘടനാ മൂല്യങ്ങളും മാറുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളും' എന്ന പ്രമേയത്തിൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ചർച്ചാ സംഗമം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മദീന ഖലീഫ നോർത്തിലുള്ള ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്ന പരിപാടി ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഭാരതീയൻ എന്ന അഭിമാനത്തോടെ ജനാധിപത്യ ഇന്ത്യയിൽ ജീവിക്കാനും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ നേടിയെടുക്കാനും ഓരോ പൗരനും സാധിക്കണമെന്നും ഭരണഘടന വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ അതിനെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. നസീർ പാനൂർ, ഹമദ്‌ ബിൻ സിദ്ദീഖ്‌, മഷ്‌ഹൂദ്‌ തിരുത്തിയാട്‌, ഡോ. റസീൽ മൊയ്‌തീൻ, നൗഷാദ് പയ്യോളി, ദിൽബ മിദ്‌ലാജ്, ഒ.കെ മുനീർ, ജസീലാ നാസർ, ഫായിസ് എളയോടൻ, ഐനു നുഹ, മുനീർ മാട്ടൂൽ, ഷാഹുൽ ഹമീദ്, ഷാഹിദ് കായണ്ണ, സുനിൽ പി റഷീദ്‌ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. ഇന്ത്യയുടെ വൈവിധ്യവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞ പുതുക്കി.

Content Highlights: Qatar Indian Islahi Center organized a Republic Day event discussing constitutional values and social realities