സാധാരണക്കാരന്റെ ഭാഷയിൽ എഴുതി വിസ്മയം സൃഷ്ടിച്ച എഴുത്തുകാരനാണ് ബഷീർ - ആർ.ജെ.രതീഷ്

ദോഹ: മലയാളത്തിൽ സാധാരണക്കാരന്റെ ഭാഷയിൽ എഴുതി വിസ്മയം സൃഷ്ടിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ആർ.ജെ.രതീഷ് അഭിപ്രായപ്പെട്ടു.പ്രവാസി ദോഹ ഇന്ത്യൻ കൾചറൽ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഷീർ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബഷീറിയൻ ഭാഷയും വാക്കുകളും പ്രയോഗങ്ങളുമൊക്കെ സവിശേഷമാണ്. ഈയർഥത്തിൽ മലയാള സാഹിത്യത്തിൽ പകരക്കാരനില്ലാത്ത എഴുത്തുകാരനാണ് ബഷീർ.
സഹജീവികലോടും ജീവജാലങ്ങളോടുമൊക്കെ സ്‌നേഹം പ്രകടിപ്പിച്ച ബഷീർ ജീവിതാനുഭാവങ്ങളുടെ വെളിച്ചത്തിൽ വായനയുടെ വസന്തം സമ്മാനിക്കുകയായിരുന്നു. മാതൃസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയും ബഷീർ രചനകളുടെ സവിശേഷതയാണ്.
ബഷീറിന്റെ അപൂർവ്വ ശബ്ദരേഖകൾ കോർത്തിണക്കി നടത്തിയ അനുസ്മരണ പ്രഭാഷണം സദസ്സിൽ 'ബഷീറിയൻ മാന്ത്രികത' നിറച്ചു.ബഷീർ സാഹിത്യത്തിലെ സംഭാഷണങ്ങളും അനുഭവങ്ങളും സദസ്സുമായി നേരിട്ട് സംവദിച്ചുകൊണ്ട് അവതരിപ്പിച്ച പ്രഭാഷണം ഹൃദ്യവും പുതുമ നിറഞ്ഞതുമായ അനുഭവമായി മാറി.
പ്രവാസി ദോഹയുടെ സാംസ്‌കാരിക പ്രവർത്തനങ്ങളെക്കുറിച്ചും 29-ാമത്പ്രവാസി ദോഹ ബഷീർ അവാർഡിന് അർഹനായ ഒ.എൽ. തോമസിനെക്കുറിച്ചും പ്രവാസി ദോഹ മുൻ ചെയർമാൻ സി.വി. റപ്പായി വിശദീകരിച്ചു.
പ്രവാസി ദോഹ ചെയർമാൻ കെ.എം. വർഗീസ്,അഡ്ഹോക്ക് കമ്മിറ്റി അംഗം ഇക്ബാൽ ചേറ്റുവ സംസാരിച്ചു.
ആർ ജെ രതീഷിന് പ്രവാസി ദോഹസ്ഥാപക അംഗം ബഷീർ ഉപഹാരം നൽകി.