മസ്‌കറ്റിലെ 'വിങ്‌സ് ഓഫ് വിമൻസ് വേൾഡ്' വനിതാ സംരംഭകരെ ആദരിച്ചു

മസ്‌കറ്റ്: സംരംഭകത്വ മേഖലയിൽ മികവ് തെളിയിച്ച ഒമാനിലെ പ്രമുഖ വനിതാ സംരംഭകരെ 'വിങ്‌സ് ഓഫ് വിമൻസ് വേൾഡ്' മസ്‌കറ്റ് റീജിയൺ ആദരിച്ചു. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായായിരുന്നു പുരസ്‌കാര ചടങ്ങ് സംഘടിപ്പിച്ചത്. ഒമാൻ സ്റ്റേറ്റ് കൗൺസിൽ (മജ്‌ലിസ് അൽ ദൗല) അംഗവും സുൽത്താൻ ഖാബൂസ് സർവകലാശാല പ്രൊഫസറും അൽ മദാർ പ്രൈവറ്റ് സ്‌കൂൾ സ്ഥാപകയും സി.ഇ.ഒയുമായ പ്രൊഫ. ഡോ. സുഹൂർ അബ്ദുല്ല സലീം അൽ ഖൻജിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിങ്‌സ് ഓഫ് വിമൻസ് വേൾഡ് സഹസ്ഥാപക ഡോ. രശ്മി കൃഷ്ണൻ സന്നിഹിതയായിരുന്നു.

മസ്‌കറ്റിലെ ഇന്ത്യൻ നഴ്‌സറി സ്ഥാപക റസിയ ഹക്കീം, അൽ അലാവിയ നാഷണൽ ഇന്റഗ്രേറ്റഡ് പ്രോജക്ട്‌സ് എൽ.എൽ.സി സഹസ്ഥാപക പിങ്കു അനിൽകുമാർ, ഷിറിൻസ് ഡെന്റൽ ക്ലിനിക് സ്ഥാപക ഡോ. ഷിറിൻ തോമസ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. തങ്ങളുടെ സംരംഭക യാത്രയിലെ വെല്ലുവിളികളും അതിജീവന അനുഭവങ്ങളും ജേതാക്കൾ സദസ്സുമായി പങ്കുവെച്ചു. പുതുതലമുറയിലെ വനിതാ സംരംഭകർക്ക് പ്രചോദനമേകുന്നതായിരുന്നു ഇവരുടെ അനുഭവക്കുറിപ്പുകൾ.

വനിതകളുടെ വിജയഗാഥകൾക്ക് വേദിയൊരുക്കുന്നതിലൂടെ കൂടുതൽ സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ വിങ്‌സ് ഓഫ് വിമൻസ് വേൾഡ് അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.