മത്രയില്‍ റമദാന്‍ മുഴുവന്‍ സമൂഹ നോമ്പ് തുറ ഒരുക്കി മത്ര കെഎംസിസി

ഇഫ്താർ
ഇഫ്താർ

മസ്‌കറ്റ്: ഒമാനിലെ മത്ര സൂഖില്‍ നടക്കുന്ന സമൂഹ നോമ്പ് തുറ  ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്നു. കോവിഡ് മഹാമാരി കാലത്ത് നിലച്ചുപോയ ജിടിഒ ഇഫ്താര്‍ ഈ വര്‍ഷം മുതല്‍ മത്ര കെഎംസിസിയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുകയായിരുന്നു. റമദാന്‍ മുഴുവനും തുടരുന്ന സമൂഹ നോമ്പ് തുറയില്‍ മത്ര സൂഖിലും പരിസര പ്രദേശങ്ങയിലുമായി ജോലി ചെയ്യുന്ന വിവിധ ദേശക്കാരായ സാധാരണ തൊഴിലാളികളാണ് നോമ്പ് തുറക്കാന്‍ എത്തുന്നത്.

ഒമാനിലെ മത്ര സൂഖിലെ വ്യാപാരികളുടെ കൂട്ടായ്മ, മത്ര സൂഖിലെ ഒമാന്‍ ടെലിന് കീഴെ കോവിഡ് മഹാമാരിക്ക് മുമ്പ് വരെ സ്ഥിരമായി സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചിരുന്നു. കോവിഡ് കാലത്ത് നിലച്ചുപോയ  നോമ്പ് തുറ ഈ വര്‍ഷം മുതല്‍ മസ്‌കറ്റ് കെഎംസിസി മത്ര ഏരിയ കമ്മറ്റി പുനരാരംഭിച്ചു. വിവിധ രാജ്യക്കാരായ സൂഖിലെ സാധാരണ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നോമ്പ് തുറ റമദാനില്‍ എല്ലാ ദിവസവും തുടരാനാണ് മത്ര കെഎംസിസിയുടെ തീരുമാനം  

ആദ്യദിനം മുതല്‍ തന്നെ ആയിരങ്ങളാണ് ഇവിടെ നോമ്പ് തുറക്കാന്‍ എത്തുന്നത്. ഈത്തപ്പഴവും മറ്റ് പഴവര്‍ഗങ്ങളും മോരും വെള്ളവും കൂടാതെ വിവിധ തരം ബിരിയാണികളാണ് ദിവസവും നല്‍കുന്നത്. മത്ര സൂഖിലെ വ്യാപാരികള്‍ കൂടാതെ മറ്റ് സുമനസ്സുകളായ വ്യവസായികളുമാണ് ഇഫ്താറിന് വേണ്ട ഭാരിച്ച തുക നല്‍കി സഹായിക്കുന്നത്.

കെഎംസിസി നേതാക്കളായ നവാസ് ചെങ്കള, സാദിഖ് ആടൂര്‍, റാഷിദ് പൊന്നാനി, ഷുഹൈബ് എടക്കാട്, നാസര്‍ തൃശൂര്‍, റിയാസ് കൊടുവള്ളി, ജസീല്‍ ആടൂര്‍, റഫീഖ് ചെങ്ങളായി, റഫീഖ് കെവി, നിയാസ് കാപ്പാട്, ഖലീല്‍, ഷൗക്കത്ത് ധര്‍മടം തുടങ്ങിയവരാണ് സമൂഹ നോമ്പ് തുറക്ക് നേതൃത്വം നല്‍കുന്നത്. 

Content Highlights: ramadan iftar oman