ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഐക്യദാർഢ്യ റാലി; ചെണ്ടമേളവും കോൽക്കളിയും ശ്രദ്ധേയമായി

ഒമാന്‍ ദേശീയദിനത്തോടനുബന്ധിച്ച് നടന്ന റാലി
ഒമാന്‍ ദേശീയദിനത്തോടനുബന്ധിച്ച് നടന്ന റാലി

സലാല: ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് അൽ നാസർ സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സലാലയിൽ വർണ്ണാഭമായ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. ഒമാനി സമൂഹത്തോടൊപ്പം ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ പ്രവാസി സമൂഹങ്ങളും റാലിയിൽ പങ്കാളികളായി. ധോഫാർ ഗവർണറേറ്റ് ആരോഗ്യ സേവന വിഭാഗം ഡയറക്ടർ ജനറൽ ഡോ. ഹാനി അൽ ഖാദിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ദേശീയ ദിന ആഘോഷങ്ങൾ. സുൽത്താനും രാജ്യത്തിനും അഭിവാദ്യമർപ്പിച്ചുകൊണ്ട് സലാല മസ്ജിദ് റവാസിൽ നിന്ന് ആരംഭിച്ച റാലി അൽ നാസർ സ്‌പോർട്‌സ് ക്ലബ്ബ് മൈതാനിയിൽ സമാപിച്ചു. സ്വദേശികളും പ്രവാസികളുമുൾപ്പെടെ നിരവധി പേർ സംബന്ധിച്ച റാലിയിൽ ഇന്ത്യൻ പ്രവാസികൾ പ്രത്യേക ബാനറിന് കീഴിൽ അണിനിരന്നു. കേരളത്തിന്റെ സ്വന്തം ചെണ്ടമേളവും മലബാറിന്റെ തനത് കോൽക്കളിയും സലാലയുടെ തെരുവുകളെ ഉത്സവലഹരിയിലാഴ്ത്തി. സലാലയിലെ മലയാളി പ്രവാസി കൂട്ടായ്മകൾ ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിലെ നിരവധി പേർ ആഘോഷത്തിൽ പങ്കുചേർന്നു. ഏവരുടെയും സജീവ സാന്നിധ്യവും പങ്കാളിത്തവും ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടിയെന്ന് സംഘാടകർ വ്യക്തമാക്കി.

Content Highlights: Pravasi News Oman, National Day Celebration